കായംകുളം: വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ വ്യാപാരി വ്യവസായി സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനില്‍ സവാദ് പീഡിപ്പിച്ചെന്ന പരാതിയില്‍ നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം. 25 വയസുകാരിയായ യുവതിയെയാണ് ലൈംഗികമായി ഉപദ്രവിച്ചത്.
അപകടത്തില്‍ ശരീരത്തേറ്റ പരിക്കിനേക്കാള്‍, മനസിനേറ്റ തീരാനോവായി യുവതി നീതി നേടുന്നു. രക്ഷയാകുമെന്ന കരുതിയ കരങ്ങള്‍, വലിയ മുറിപ്പാടുകള്‍ നല്കിയതിന്റെ അപ്രതീക്ഷിത ആഘാതത്തിലാണ്. ഇക്കഴിഞ്ഞ 4ന് പുലര്‍ച്ചെ ദേശീയ പാതയില്‍ കായംകുളം കെപിഎസി ജങ്ഷനിലായിരുന്നു കൊല്ലം സ്വദേശിയായ യുവതി സഞ്ചരിച്ച ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ടത്. സുഹൃത്തിന്റെ കുടുംബത്തിനൊപ്പം മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിന് പോയി മടങ്ങവേ ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. ഈ സമയം ഇതുവഴി വന്ന പിക്കപ്പ് വാനിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളും പിക്കപ്പ് വാന്‍ ഡ്രൈവറും ചേര്‍ന്ന് അപകടത്തില്‍പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബൈക്കില്‍ സിനില്‍ സവാദ് സ്ഥലത്ത് എത്തുന്നത്.
അപകടത്തെ തുടര്‍ന്ന് ശ്വാസതടസം നേരിട്ട യുവതി നടന്ന് പിക്കപ്പ് വാനിലേക്ക് കയറാമെന്ന് പറഞ്ഞെങ്കിലും ഇതിന് സമ്മതിക്കാതെ സിനില്‍ സവാദ് എടുത്ത് കയറ്റുകയായിരുന്നു. പിക്കപ്പ് വാന്‍ ഡ്രൈവര്‍ കാല്‍ ഭാഗത്തും സിനില്‍ സവാദ് ശരീര ഭാഗത്തുമായിരുന്ന് പിടിച്ചത്. ഈ സമയത്തും ഇതിന് ശേഷം വാനില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും ലൈംഗിക അതിക്രമം നടത്തിയെന്നും ഇയാളുടെ ക്രൂരതയ്‌ക്കെതിരെ കരഞ്ഞെങ്കിലും അപകടത്തില്‍ പരിക്കേറ്റതിന്റെ വേദനകൊണ്ടാണെന്നാണ് മറ്റുള്ളവര്‍ കരുതിയതെന്നുമാണ് യുവതിയുടെ പരാതിയിലുള്ളത് .
ആശുപത്രിയില്‍ എത്തി പ്രാഥമിക ചികിത്സ നേടിക്കഴിഞ്ഞപ്പോള്‍ തന്നെ ഇവിടെ നിന്ന് കൊല്ലം ആശുപത്രിയിലേക്ക് പൊയ്‌ക്കൊള്ളാന്‍ സിനില്‍ സവാദും സുഹൃത്തും യുവതിയോടും ഓട്ടോറിക്ഷ ഡ്രൈവറോടും പറഞ്ഞു. എന്നാല്‍, ഇവര്‍ തയാറായില്ല. പിന്നീട്, എക്സറെ മുറിയില്‍ വച്ച് ശരീരത്തിലെ പാടുകള്‍ കണ്ട വനിതാ ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതോടെ, യുവതി പൊട്ടിക്കരഞ്ഞു കൊണ്ട്, താന്‍ നേരിട്ട ക്രൂരപീഡനം വിവരിക്കുകയായിരുന്നു.
ഡോക്ടര്‍ അറിയിച്ചതനുസരിച്ച് എത്തിയ പോലീസ് പ്രാഥമിക മൊഴി രേഖപ്പെടുത്തിയ ശേഷം അടുത്ത ദിവസം സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടു. ഒത്തുതീര്‍പ്പിനുള്ള ശ്രമവും ഭീഷണിപ്പെടുത്തലും ആരംഭിച്ചതോടെ തുടര്‍ ചികിത്സയ്‌ക്കായി യുവതിയും മറ്റുള്ളവരും കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറി. അടുത്ത ദിവസം കൊല്ലത്തു നിന്ന് ഓട്ടോറിക്ഷയില്‍ യുവതി കായംകുളം പോലീസ് സ്റ്റേഷനില്‍ എത്തി മൊഴി നല്കി. എന്നാല്‍, ഒറ്റയ്‌ക്കു മൊഴി നല്കാന്‍ വന്നതിനെ പരഹസിക്കുകയാണ് പോലീസുകാര്‍ ചെയ്തതെന്ന് യുവതി പറഞ്ഞു.
തുടര്‍ വിവരങ്ങള്‍ അറിയിക്കാമെന്നും പോലീസ് പറഞ്ഞെങ്കിലും, വൈദ്യപരിശോധനയോ, രഹസ്യമൊഴിരേഖപ്പെടുത്തലോ ഉണ്ടായില്ല. നാല് ദിവസത്തിന് ശേഷം പോലീസ് ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടപ്പോള്‍ കേസ് പഠിച്ചുകൊണ്ടിരിക്കുയാണെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെയാണ് സംഭവം മാധ്യമങ്ങളുടെ സഹായത്തോടെ പൊതുസമൂഹത്തിന്റെ മുന്നിലേക്ക് കൊണ്ടുവന്നതെന്ന് യുവതി പറഞ്ഞു.
















