കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് കോളേജ് അധ്യാപകർക്കെതിരെ കേസെടുത്തു. വകുപ്പ് മേധാവി ഡോ. എം.കെ. റാം, ഡോ. സംഗീത എന്നിവരെ പ്രതിചേർത്താണ് ചക്കരക്കൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ ഏഴംഗ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. കണ്ണൂർ എസിപി ഹരിപ്രസാദിനാണ് അന്വേഷണ ചുമതല. സൈബർ സെല്ലിലെ വിദഗ്ധരും സംഘത്തിലുണ്ട്. ഹോസ്റ്റലിലെ നിതിൻ രാജിന്റെ മുറിയിലുള്ളവരുടേയും ഹോസ്റ്റലിൽ ഉള്ളവരുടേയും വിശദമായ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. അതിനുശേഷം മാത്രമേ സംഭവത്തിൽ വ്യക്തതവരൂ. കോളേജിലെ വിവിധ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. നിതിൻ രാജിന്റെ പിതാവ് രാജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം, എസ്‌സി/എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.











