തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി. ഓട്ടോ ഡ്രൈവര്‍ അശോകന്‍(68) ആണ് പരാതി നല്‍കിയത്. ഓട്ടോ മാറ്റാന്‍ വൈകിയതിന് എസ്‌ഐ മര്‍ദിച്ചെന്നാണ് തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന് കാട്ടി എസ് ഐ സി. ജയനും ഓട്ടോ ഡ്രൈവര്‍ അശോകനെതിരെ പരാതി നല്‍കി.വിഐപി വാഹനം വരുന്നതിന് മുമ്പ് ഓട്ടോ മാറ്റാന്‍ വൈകിയതിനാണ് എസ്‌ഐ മര്‍ദിച്ചതെന്നാണ് ആരോപണം.അശോകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ പൊലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പണിമുടക്കി.എസ് ഐക്കെതിരെ നടപടി എടുക്കാമെന്ന ഉറപ്പില്‍ പണിമുടക്ക് അവസാനിപ്പിക്കുകയായിരുന്നു.
റെയില്‍വേ ഡിവൈഎസ്പി നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ ഓട്ടോ ഡ്രൈവറുടെ ആരോപണം തള്ളി. സിസിടിവി ദൃശ്യങ്ങളില്‍ വാക്കു തര്‍ക്കമല്ലാതെ മര്‍ദനം നടന്നിട്ടില്ലെന്ന് റെയില്‍വേ പൊലീസ് പറഞ്ഞു.
















