തൃശൂര്‍:പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തില്ലെന്നതിന്റെ പേരില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്ന് അര്‍ബുദ രോഗ അതിജീവിത ജോലി രാജിവച്ചു.കുന്നംകുളം നഗരസഭയിലെ എസ് സി പ്രമോട്ടറായ സ്വാതി സോമന്‍ ആണ് ജോലി രാജിവച്ചത്.
ശാരീരികമായി ഏറെ അവശതകള്‍ ഉളള തന്നോട് കുന്നംകുളം ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി കാണിച്ച ക്രൂര സമീപനം മൂലം രാജിവയ്‌ക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് സ്വാതി പറഞ്ഞു. പാര്‍ട്ടിക്കാരി എന്നതിലുപരി ഒരു മനുഷ്യനാണ് താന്‍.പട്ടിണി കിടന്നും ആട്ടും തുപ്പും സഹിച്ചും വേദനകള്‍ അനുഭവിച്ചുമാണ് താന്‍ കടന്നുവന്നത്. ആരുടെയും ആജ്ഞാനുവര്‍ത്തിയാകാന്‍ തനിക്ക് കഴിയില്ലെന്ന് സ്വാതി ഫേസ്ബുക്കില്‍ കുറിച്ചു.
കമ്മിറ്റിക്ക് എത്താത്തതിന് മാര്‍ച്ച് ഒമ്പതിന് കുന്നംകുളം ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, സ്വാതിയെ ഫോണിലൂടെ അധിക്ഷേപിക്കുകയായിരുന്നു.തുടര്‍ന്ന് ജോലി നല്‍കിയത് പാര്‍ട്ടിയാണെന്നും അതിനാല്‍ രാജിവച്ചുപോകണമെന്നും ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് മാര്‍ച്ച് 10ന് സ്വാതി ജോലി രാജിവച്ചു.
















