കണ്ണൂര്‍ : വോട്ടെടുപ്പിന് പിന്നാലെ പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി.രാഷ്‌ട്രീയ പാര്‍ട്ടികളുടെ ഭാഗത്തുനിന്ന് പ്രകോപനപരമായ പ്രസ്താവനകളോ അക്രമങ്ങളോ ഉണ്ടാകില്ലെന്ന് യോഗത്തില്‍ ഉറപ്പുനല്‍കി.
ഉണ്ടായ എല്ലാ അക്രമ സംഭവങ്ങളിലും കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കാനാണ് പൊലീസിന് നിര്‍ദേശം.എഡിഎമ്മിന്റെ അധ്യക്ഷതയിലാണ് രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സമാധാനയോഗം ചേര്‍ന്നത്.പയ്യന്നൂര്‍ താലൂക്ക് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ വി കുഞ്ഞികൃഷ്ണന്‍ , സിപിഎം പെരിങ്ങോം ഏരിയ സെക്രട്ടറി, ബിജെപി, കോണ്‍ഗ്രസ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളെയോ സ്ഥാനാര്‍ഥികളെയോ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകള്‍ ഉണ്ടാവരുതെന്ന് യോഗത്തില്‍ തീരുമാനമായി.പൊലീസ് പട്രോളിംഗ് ശക്തമാക്കാനും ആവശ്യമായ സ്ഥലങ്ങളില്‍ പൊലീസ് പിക്കറ്റ് പോസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും തീരുമാനമായി.
വോട്ടെടുപ്പിന് പിന്നാലെ തുടങ്ങിയ അക്രമസംഭവങ്ങളില്‍ പയ്യന്നൂരില്‍ സി പി എം വിട്ട് യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന വി കുഞ്ഞികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ മതില്‍ തകര്‍ത്തു. വി കുഞ്ഞികൃഷ്ണന്‍ അനുകൂലിയായ മാതമംഗലം പേരൂല്‍ സ്വദേശി എം കെ നാരായണന്റെ കാര്‍ കത്തിക്കാനും ശ്രമിച്ചു.ചപ്പാരപ്പടവ് പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരനാണ് നാരായണന്‍. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇട്ടതിനാലാകാം ആക്രമണം എന്നാണ് നിഗമനം. സംഭവത്തിന് പിന്നില്‍ സി പി എം സ്ഥാനാര്‍ത്ഥി ടി.ഐ. മധുസൂദനനാണെന്നാണ് യുഡിഎഫ് ആരോപണം
















