കൊച്ചി: കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു.റിമാന്‍ഡ് തടവുകാരിയെ മര്‍ദിച്ച സഹ തടവുകാരിയായ കെനിയന്‍ സ്വദേശിനിക്കെതിരെ ഇന്‍ഫോപാര്‍ക് പൊലീസ് കേസെടുത്തു. കെനിയന്‍ സ്വദേശിനി അക്കിനി ഒന്യാങ്ങോയ്‌ക്കെതിരെയാണ് കേസെടുത്തത്.മര്‍ദനമേറ്റ തടവുകാരി നാഫിലയെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.
കഴിഞ്ഞ ദിവസം ഭക്ഷണം വിതരണം ചെയ്യുന്ന സമയത്താണ് സംഭവം. ഇരുവരും തമ്മില്‍ ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമായി. ഇത് സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു.അക്കിനി ഒന്യാങ്ങോ, നാഫിലയെ കഴുത്തില്‍ പിടിച്ച് തള്ളുകയും തല ഭിത്തിയില്‍ ഇടിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി.
സംഭവം കണ്ട ജയില്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ട് സ്ഥിതി നിയന്ത്രണ വിധേയമാക്കി. പാസ്‌പോര്‍ട്ട് നിയമലംഘനവുമായി ബന്ധപ്പെട്ട കേസിലാണ് അക്കിനി ഒന്യാങ്ങോ ജയിലില്‍ കഴിയുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
















