കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രവചനങ്ങളുടെ ലോകത്ത് പ്രത്യേകം ശ്രദ്ധിക്കുന്ന പേരാണ് സി. പി. റാഷിദ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയിലെ വിവിധ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കൃത്യതയാർന്ന പ്രവചനങ്ങളിലൂടെ ശ്രദ്ധ നേടിയ റാഷിദ്, കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തന്റെ വിലയിരുത്തലുകൾ പുറത്തുവിട്ടതോടെ രാഷ്‌ട്രീയ വേദികളിൽ വലിയ ചർച്ചകൾക്ക് തുടക്കമായി.
ഇത്തവണത്തെ കേരള പ്രവചനം
റാഷിദിന്റെ പുതിയ കണക്കുകൾ പ്രകാരം, യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) ഇത്തവണ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നാണ് സൂചന. യുഡിഎഫിന് 91 മുതൽ 102 വരെ സീറ്റുകളും 41.5% മുതൽ 45% വരെ വോട്ടുശതമാനവും ലഭിക്കുമെന്നാണ് പ്രവചനം.
ഭരണകക്ഷിയായ ലെഫ്റ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് (എൽഡിഎഫ്) 38 മുതൽ 48 വരെ സീറ്റുകളിൽ ഒതുങ്ങുമെന്നാണ് പ്രവചനം. വോട്ടുശതമാനം 36.5% മുതൽ 39.5% വരെയാകാമെന്നും റാഷിദ് പറയുന്നു.
നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) 1 മുതൽ 3 സീറ്റുകൾ വരെ നേടെന്നും 14% മുതൽ 17% വരെ വോട്ടുശതമാനം നേടെന്നും കണക്കാക്കുന്നു.
പ്രവചനങ്ങളുടെ വിശ്വാസ്യത
റാഷിദിന്റെ പ്രവചനങ്ങൾ ചർച്ചയാകുന്നത് അദ്ദേഹത്തിന്റെ മുൻകാല കൃത്യതയാലാണ്. ഏകദേശം 17 തിരഞ്ഞെടുപ്പുകളിൽ നടത്തിയ പ്രവചനങ്ങളിൽ ഭൂരിഭാഗവും യാഥാർത്ഥ്യത്തോട് വളരെ അടുത്തതായിരുന്നു. അതുകൊണ്ടുതന്നെ ‘പ്രവചന സിംഹം’ എന്ന വിശേഷണം അദ്ദേഹം നേടിയിട്ടുണ്ട്.
2020ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി 62 മുതൽ 65 വരെ സീറ്റുകൾ നേടെന്നും ഭാരതീയ ജനത പാർട്ടി 5 മുതൽ 8 വരെ സീറ്റുകൾ നേടെന്നും അദ്ദേഹം പ്രവചിച്ചിരുന്നു. ഫലം വന്നപ്പോൾ ആം ആദ്മി പാർട്ടി 62 സീറ്റുകളും ബിജെപി 8 സീറ്റുകളും നേടി. കോൺഗ്രസിന് പൂജ്യം സീറ്റുകൾ മാത്രമായിരുന്നു ലഭിച്ചത്—റാഷിദ് സൂചനയായി പറഞ്ഞ ‘കൂപ്പുകൈ’ പ്രവചനം കൃത്യമായി ശരിവച്ചു.
2021ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് 96 മുതൽ 104 വരെ സീറ്റുകളും യുഡിഎഫ് 35 മുതൽ 43 വരെ സീറ്റുകളും നേടുമെന്ന് അദ്ദേഹം പ്രവചിച്ചു. യഥാർത്ഥ ഫലം എൽഡിഎഫ് 99, യുഡിഎഫ് 41 എന്നതായിരുന്നു. ഇത് അദ്ദേഹത്തിന്റെ വിശ്വാസ്യതയെ കൂടുതൽ ഉറപ്പിച്ചു.
പുതുപ്പള്ളി ‘ഞെട്ടിക്കൽ’
2023ലെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലാണ് റാഷിദ് വീണ്ടും ശ്രദ്ധ നേടിയത്. യുഡിഎഫിന് 57% മുതൽ 62.5% വരെ വോട്ടും എൽഡിഎഫിന് 31% മുതൽ 36% വരെ വോട്ടും ലഭിക്കുമെന്നായിരുന്നു പ്രവചനം. കൂടാതെ ചാണ്ടി ഉമ്മൻ 31,500 മുതൽ 39,000 വരെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫലം വന്നപ്പോൾ ചാണ്ടി ഉമ്മൻ 61.38% വോട്ടും 37,719 വോട്ടിന്റെ ഭൂരിപക്ഷവും നേടി വിജയിച്ചു. റാഷിദിന്റെ കണക്കുകൾ അതിശയിപ്പിക്കുന്ന വിധത്തിൽ കൃത്യമായിരുന്നു. ഈ പ്രവചനത്തോടെ അദ്ദേഹത്തിന്റെ വിശ്വാസ്യത കേരള രാഷ്‌ട്രീയത്തിൽ വലിയ ചർച്ചയായി.
മറ്റു സംസ്ഥാനങ്ങളിലെ കൃത്യത
കേരളത്തിനു പുറത്തും റാഷിദിന്റെ പ്രവചനങ്ങൾ ശ്രദ്ധേയമായിരുന്നു. 2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 129 മുതൽ 142 വരെ സീറ്റുകൾ നേടുമെന്ന് അദ്ദേഹം പ്രവചിച്ചു. യഥാർത്ഥ ഫലം 135 സീറ്റുകളായിരുന്നു.
അതുപോലെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 63 മുതൽ 72 വരെ സീറ്റുകൾ നേടുമെന്ന് പ്രവചിച്ചപ്പോൾ ഫലം 64 ആയി. രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനത പാർട്ടി 119 മുതൽ 131 വരെ സീറ്റുകൾ നേടുമെന്ന് പറഞ്ഞപ്പോൾ യഥാർത്ഥ ഫലം 115 ആയിരുന്നു—വ്യത്യാസം കുറഞ്ഞതായിരുന്നു.
എന്താണ് റാഷിദിന്റെ പ്രത്യേകത?
പരമ്പരാഗത പ്രീപോൾ സർവേകളെയും എക്സിറ്റ് പോളുകളെയും അപേക്ഷിച്ച് റാഷിദിന്റെ സമീപനം വ്യത്യസ്തമാണ്. സമൂഹമാധ്യമങ്ങളിൽ നിന്നുള്ള പ്രവണതകൾ, പ്രാദേശിക രാഷ്‌ട്രീയ ഘടകങ്ങൾ, സ്ഥാനാർഥികളുടെ വ്യക്തിഗത സ്വാധീനം, വോട്ടർ മനോഭാവം എന്നിവയെ സമന്വയിപ്പിച്ചാണ് അദ്ദേഹം പ്രവചനങ്ങൾ തയ്യാറാക്കുന്നത്. വലിയ ഡാറ്റാസെറ്റുകളേക്കാൾ ഗ്രൗണ്ട് റിയാലിറ്റിക്ക് അദ്ദേഹം നൽകുന്ന പ്രാധാന്യമാണ് കൃത്യതയ്‌ക്ക് കാരണമെന്നാണ് വിലയിരുത്തൽ.
രാഷ്‌ട്രീയ പ്രാധാന്യം
ഇത്തവണത്തെ പ്രവചനങ്ങൾ ശരിയായാൽ കേരളത്തിൽ രാഷ്‌ട്രീയ അധികാരമാറ്റത്തിന് സാധ്യത ഉയരും. 2021ൽ തുടർച്ചയായി അധികാരത്തിലെത്തിയ എൽഡിഎഫിന് പിന്നാലെ യുഡിഎഫ് തിരിച്ചുവരവ് നടത്തും. ഇത് സംസ്ഥാന രാഷ്‌ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കും.
അതേസമയം എൻഡിഎയുടെ വോട്ടുശതമാനം ഉയരുന്ന പ്രവണത ശ്രദ്ധേയമാണ്. സീറ്റുകൾ കുറവായാലും വോട്ടുശതമാനത്തിൽ വർധനവ് ഭാവിയിൽ വലിയ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് അടിത്തറയാകാമെന്നാണ് വിലയിരുത്തൽ.
രണ്ടായിരത്തി ഒന്നിന് ശേഷം ഇടത് പക്ഷത്തേക്ക് ചേർന്നിരുന്ന ന്യൂനപക്ഷ വോട്ടുകളിൽ വ്യക്തമായ ‘റിവേഴ്‌സ് സ്വീപ്’ പ്രകടമായി. ഒരിക്കൽ ഉറച്ച പിന്തുണയായി നിലകൊണ്ടിരുന്ന ഈ വോട്ടുബാങ്ക് ക്രമേണ അകന്ന് പോകുന്ന പ്രവണതയാണ് ചൂണ്ടിക്കാണിക്കുന്നത്.
അതോടൊപ്പം സ്വജനപക്ഷപാതത്തിന്റെ ആരോപണങ്ങൾ കൂടുതൽ ശക്തമായി ഉയർന്നതും ശ്രദ്ധേയമായി. അധികാരത്തിലെ തീരുമാനങ്ങളിൽ പാർട്ടിക്കാരെയും അടുത്ത വൃത്തത്തെയും മുൻതൂക്കം നൽകുന്നുവെന്ന വിമർശനം വ്യാപകമായി ഉയർന്നു. ഇത് ഇടത് അടിസ്ഥാന വോട്ടർമാരെയും അനുഭാവികളെയും ഒരുപോലെ നിരാശപ്പെടുത്തുന്ന ഘടകമായി മാറി.
രാഷ്‌ട്രീയ നിലപാടുകളിലെ തുടർച്ചയായ അസ്ഥിരതയും വലിയ തിരിച്ചടിയായി. വിവിധ വിഷയങ്ങളിൽ വ്യക്തമായ ദിശയില്ലാത്ത സമീപനം, ഇടത് രാഷ്‌ട്രീയ ബോധമുള്ള സമൂഹവിഭാഗങ്ങളിൽ അസ്വസ്ഥതയും അവിശ്വാസവും സൃഷ്ടിച്ചു. ആശയപരമായ ഉറച്ച നിലപാട് പ്രതീക്ഷിച്ച വോട്ടർമാർക്ക് ഇത് നിരാശയായി.
ഇതിനൊപ്പം തന്നെ മുഖ്യമന്ത്രിയുടെ വ്യക്തിഗത ജനപ്രീതിയിലും ശ്രദ്ധേയമായ ഇടിവ് രേഖപ്പെടുത്തി. ഒരിക്കൽ ശക്തമായ പിന്തുണ നേടിയിരുന്ന നേതൃച്ഛായയിൽ സമാനതകളില്ലാത്ത കുറവാണ് ഇപ്പോൾ കാണപ്പെടുന്നതെന്നാണ് വിലയിരുത്തൽ. ഈ ഘടകങ്ങൾ എല്ലാം കൂടി ഇടത് രാഷ്‌ട്രീയത്തിന് മുന്നിൽ പുതിയ വെല്ലുവിളികൾ ഉയർത്തുന്നുവെന്നതാണ് പൊതുവായ നിരീക്ഷണം.
















