തിരുവനന്തപുരം: നേമം ഉൾപ്പടെ കേരളത്തിലെ നിരവധി മണ്ഡലങ്ങളിൽ ബിജെപി വിജയിക്കുമെന്നും അത് രണ്ടക്ക സംഖ്യയ്‌ക്ക് മുകളിലെത്തുമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. സുരേഷ്. നാലഞ്ച് ദിവസത്തിനകം വിശദമായ വിലയിരുത്തലുകളുണ്ടാവുമെന്നും അതിന് ശേഷം എതൊക്ക മണ്ഡലത്തിൽ വിജയിക്കാൻ സാധിക്കുമെന്ന് പറയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കേരള സർക്കാരിനെ താഴെയിറക്കാനുള്ള ജനവികാരത്തിന്റെ പ്രതിഫലനമാണ് പോളിംഗ് ശതമാനം വർദ്ധിച്ചതിന് ഒരുകാരണം.ഇടത് പക്ഷവും വലത് പക്ഷവും എസ്ഐആറിനെതിരെ നടത്തിയ ആക്രമണത്തിനുള്ള മറുപടിയും കൂടിയാണ് പോളിംഗ് ശതമാനം വർദ്ധിച്ചതിലൂടെ കാണിക്കുന്നത്. ഇത് രണ്ടും ഒരർത്ഥത്തിൽ ബിജെപി മുന്നോട്ട് വച്ച രാഷ്‌ട്രീയത്തിന് അനുകൂലമാണ്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ഇടതും വലതുമല്ലാത്ത മറ്റൊരു മുന്നണി കേരള രാഷ്‌ട്രീയത്തിന്റെ അജണ്ട നിശ്ചയിക്കുന്ന തെരഞ്ഞടുപ്പായി ഈ നിയമസഭാ തെരഞ്ഞെടുപ്പ് മാറിയത്. രാജീവ് ചന്ദ്രശേഖർ മുന്നോട്ട് വച്ച വികസിത കേരളമെന്ന അജണ്ടയുടെ പുറകേ ആയിരുന്നു ഇടതും വലതും. 70 വർഷം കേരളം ഭരിച്ചവർക്ക് വികസനത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്ന ബിജെപിയുടെ ആഖ്യാനം ജനങ്ങൾക്ക് മനസ്സിലായി. കഴിഞ്ഞ ഒരു വർഷമായി ബിജെപി ഉയർത്തിയ വികസിത കേരളമെന്നത് വെറുമൊരു മുദ്രാവാക്യമല്ലെന്നും കഴിഞ്ഞ 12 വർഷമായി നരേന്ദ്രമോദി നടപ്പാക്കിവരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയാണെന്നുമുള്ള തിരിച്ചറിവ് കേരളത്തിൽ ബിജെപിക്കനുകൂലമായ വലിയൊരു അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്.
ദശാബ്ദങ്ങളായി ബിജെപിയുടെ അടിസ്ഥാന തലത്തിലുള്ള പ്രവർത്തകുടെ കഠിനാദ്ധ്വാനവും കഴിഞ്ഞ ഒരു വർഷമായി ഹാർഡ്വർക്കിനൊപ്പം നടത്തുന്ന സ്മാർട്ട് വർക്കും ബിജെപിക്ക് ഈ തെരഞ്ഞെടുപ്പിൽ ശക്തമായി പ്രവർത്തനം കാഴ്ച വയ്‌ക്കാൻ സാധിച്ചു.
കേരളത്തിൽ കഴിഞ്ഞ 70 വർഷമായി കണ്ട ഇടത് വലത് മുന്നണികൾ ഇല്ലാതാകും. ബിജപി കേന്ദ്രീകൃതമായ എൻഡിഎ മുന്നണിയും മറ്റൊരു മുന്നണിയും മാത്രമുള്ള പുതിയ കേരളമായിരിക്കും ഇനിയുണ്ടാവുക. കേരളത്തിൽ ബിജെപിയുടെ എംഎൽഎമാരും, നിലപാടും, മാനിഫെസ്റ്റോയും കേരളഭരണത്തെ സ്വാധീനിക്കുന്ന ഒരു നിയമസഭയായിരിക്കും കേരളത്തിലുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
എഫ്സിആർഎ അടിസ്ഥാനപരമായി ഏതെങ്കിലും ഒരു മതവുമായി ബന്ധപ്പെട്ട നിയമമല്ല. കേരളത്തിലെ സാമ്പത്തിക മേഖലയെ ശാക്തീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ടി നടത്തുന്ന വർഷങ്ങളായുള്ള പരിശ്രമത്തിന്റെ തുടർച്ചയാണ്. എഫ്സിആർഎ ദുരുപയോഗം ചെയ്യുന്നവർക്കാണ് അത് അപകടകരമായി മാറുന്നത്. ഇക്കാര്യങ്ങൾ ക്രിസ്ത്യൻ സമൂഹത്തെയും മതമേലധ്യക്ഷൻമാരെയും ബോധ്യപ്പെടുത്താൻ സാധിച്ചു. വിശദമായ ചർച്ചകൾക്കു വേണ്ടി ബിൽ മാറ്റി വച്ചിരിക്കുകയാണെന്നും അഡ്വ എസ്.സുരേഷ് പറഞ്ഞു.
















