ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നിതീഷ് കുമാറും മുതിർന്ന ജെഡിയു നേതാക്കളും ഇന്നലെ തന്നെ ന്യൂഡൽഹിയിലെത്തിയിരുന്നു. സത്യപ്രതിജ്ഞ ചടങ്ങിന് പിന്നാലെ നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കും. ഈ മാസം 13ന് പറ്റ്നയിൽ എൻഡിഎ യോഗം ചേർന്ന് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കും.
16നാകും സത്യപ്രതിജ്ഞ. നിലവിലെ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരിയെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. നിതീഷ് കുമാറിന്റെ മകൻ നിശാന്ത് കുമാർ ഉപമുഖ്യമന്ത്രിയായേക്കും. ബിഹാറിലേക്ക് മടങ്ങും മുമ്പ് ബിജെപി നേതാക്കളുമായി നിതീഷ് കുമാർ ചർച്ചകൾ നടത്തിയേക്കും. ബിഹാറിലെ ഭരണമാറ്റം ചർച്ച ചെയ്യാൻ ബിജെപി കോർ കമ്മറ്റി യോഗം ഇന്ന് ഡൽഹിയിൽ യോഗം ചേരുന്നുണ്ടെന്നാണ് വിവരം.
















