ന്യൂദല്‍ഹി: ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനെത്തുമ്പോള്‍, ആ ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരം (സമ്പ്രദായം) പാലിക്കുക തന്നെ ചെയ്യണമെന്ന് ശബരിമല യുവതീ പ്രവേശക്കേസില്‍ വാദം കേള്‍ക്കവേ സുപ്രീംകോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിന്റെ പരാമര്‍ശം.
ഹിന്ദുമതത്തിന് കര്‍ശനമായ ചട്ടക്കൂടില്ലെന്നും മതത്തിനുള്ളില്‍ തന്നെ വൈവിധ്യവും പല ആചാരങ്ങളും ഉണ്ടെന്നും എന്‍എസ്എസ്, അയ്യപ്പ സേവാസമാജം, ക്ഷേത്ര സംരക്ഷണ സമിതി എന്നിവയ്‌ക്കുവേണ്ടി ഹാജരാകുന്ന സി.എസ്. വൈദ്യനാഥന്‍ വാദിച്ചപ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം
മാര്‍പാപ്പ, ആര്‍ച്ച് ബിഷപ്പ്, ബിഷപ്പ് എന്നിങ്ങനെയുള്ള മതഘടന തങ്ങള്‍ക്കില്ല, വൈദ്യനാഥന്‍ പറഞ്ഞു. പല സമ്പ്രദായങ്ങളില്‍ ഉള്ള എല്ലാ ഹിന്ദുക്കള്‍ക്കും ഏതു ക്ഷേത്രത്തിലും ദര്‍ശനം നടത്താമെന്നാണ് അതിനര്‍ത്ഥമെന്ന് ജസ്റ്റിസ് ബി.വി. നാഗരത്‌ന ചൂണ്ടിക്കാട്ടി. ക്ഷേത്രാചാരങ്ങള്‍ പാലിക്കുന്ന,അയ്യപ്പനില്‍ വിശ്വാസമുള്ള ഏത് മതസ്ഥര്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന് വൈദ്യനാഥന്‍ പറഞ്ഞു. അവിടെ ക്രിസ്ത്യാനികളെയോ മുസ്ലിങ്ങളെയോ മാറ്റി നിര്‍ത്തുന്നില്ല, വൈദ്യനാഥന്‍ പറഞ്ഞു.
ഈ സമയത്ത് ജസ്റ്റിസ് സുന്ദരേഷ് ഇടപെട്ടു. കേരളത്തിലെ ചില ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിക്കാനാവില്ല. ഷര്‍ട്ട് ധരിച്ചേ കയറുകയുള്ളു എന്ന് ആര്‍ക്കും പറയാനും ആവില്ല, അദ്ദേഹം പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സൂര്യകാന്തും ചൂണ്ടിക്കാട്ടി. അവിശ്വാസിയാണെങ്കിലും ക്ഷേത്രത്തില്‍ പോകുമ്പോള്‍ ആചാരം പാലിക്കണമെന്ന് ജസ്റ്റിസ് ബാഗ്ചി പറഞ്ഞു.













