ലക്നൗ : അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നിന്ന് വെടിയുണ്ടകളും വ്യാജ കറൻസിയും കണ്ടെടുത്തു . സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത് . രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച വൈകുന്നേരം പോലീസ് സംഘം ‘സർ സിയാവുദ്ദീൻ ഹാൾ’ ഹോസ്റ്റലിലെ മുറികളിൽ പരിശോധന നടത്തുകയായിരുന്നു.
32 ബോർ പിസ്റ്റളിന്റെ വെടിയുണ്ടകൾ, 12 ബോറിന്റെ നാല് വെടിയുണ്ടകൾ, വ്യാജ കറൻസികൾ, എട്ട് മൊബൈൽ ഫോണുകൾ, ഒഴിഞ്ഞ മാഗസിൻ കവറുകൾ എന്നിവ കണ്ടെടുത്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ ഷെവാസ് എന്ന “അനധികൃത താമസക്കാരൻ” മുറിയിൽ താമസിച്ചിരുന്നതായി കണ്ടെത്തിയതായി എഎംയു പ്രോക്ടർ നവേദ് ഖാൻ പറഞ്ഞു.
മുറിയിലെ നിയമാനുസൃത താമസക്കാരെ ബലമായി ഒഴിപ്പിച്ച ശേഷം ഷെവാസ് മാസങ്ങളായി അവിടെ നിയമവിരുദ്ധമായി താമസിച്ചിരുന്നതായി നവേദ് ഖാൻ പറഞ്ഞു.മുറിയുടെ നിയമപരമായ അലോട്ട്മെന്റ് ലഭിച്ചവരിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായി നവീദ് ഖാൻ പറഞ്ഞു.
അലിഗഡിലെ സിവിൽ ലൈൻസ് പ്രദേശത്ത് കഴിഞ്ഞ തിങ്കളാഴ്ച നടന്ന വെടിവയ്‌പ്പ് സംഭവവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഇവരെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഷെവാസിന്റെ പേര് പുറത്തുവന്നത്. ഇതിനെത്തുടർന്നാണ് അന്വേഷണ സംഘം ഹോസ്റ്റൽ മുറിയിൽ റെയ്ഡ് നടത്തിയത്. വിശദമായ അന്വേഷണം നടന്നുവരികയാണ്.
















