പ്രദീപ് രംഗനാഥനെ നായകനാക്കി വിഘ്‌നേഷ് ശിവൻ സംവിധാനംചെയ്ത ‘ലൗ ഇൻഷുറൻസ് കമ്പനി’ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ വൈകാരിക നിമിഷങ്ങൾ. വിഘ്‌നേഷിന്റെ പ്രതീക്ഷകളേയും മറികടന്ന് നയൻതാര വേദിയിൽ എത്തിയതോടെയാണ് വൈകാരികസംഭവങ്ങൾ അരങ്ങേറിയത്. കണ്ടിരുന്ന കാണികൾക്കും അത് പുതിയ അനുഭവമായി. പൊതുവെ അഭിമുഖങ്ങൾക്കോ സിനിമയുടെ പ്രചാരണ പരിപാടികൾക്കോ എത്താറില്ലാത്ത താരം, തന്റെ പ്രിയപ്പെട്ടവന്റെ കരിയറിലെ വലിയൊരു നിമിഷത്തിൽ സാന്നിധ്യമാകാൻ എത്തിയത് ആരാധകരുടെ കയ്യടി നേടുകയാണ്.
വേദിയിൽ സംസാരിച്ചുകൊണ്ടിരിക്കെ വിഘ്നേഷ് നടത്തിയ രസകരമായ പരാമർശങ്ങൾക്കിടയിലാണ് നയൻതാരയുടെ കടന്നുവരവ്. ഒരു നടി എന്ന നിലയിൽ നയൻതാരയെ ഇത്തരമൊരു വേദിയിൽ എത്തിക്കാനുള്ള സാമ്പത്തിക ശേഷി തനിക്കില്ലെന്ന് വിഘ്നേഷ് തമാശ രൂപേണ പറഞ്ഞു. എന്നാൽ ചിത്രത്തിന്റെ നിർമാതാവ് എന്ന നിലയിലോ അല്ലെങ്കിൽ തന്റെ ഭാര്യ എന്ന നിലയിലോ വേണമെങ്കിൽ നയൻതാരയ്‌ക്ക് വേദിയിലേക്ക് വരാമെന്നും വിഘ്നേഷ് കൂട്ടിച്ചേർത്തു. ഇതിനിടയിലാണ് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് നയൻതാര വേദിയിലേക്ക് കയറിവന്നത്.
സിനിമയുടെ ചിത്രീകരണ വേളയിൽ നേരിട്ട കടുത്ത സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചും നയൻതാര നൽകിയ വലിയ പിന്തുണയെക്കുറിച്ചും വിഘ്നേഷ് ശിവൻ വൈകാരികമായി സംസാരിച്ചു. ചിത്രത്തിന്റെ മലേഷ്യൻ ഷെഡ്യൂൾ നടക്കുമ്പോൾ ഒടിടി വിപണിയിലുണ്ടായ തളർച്ച കാരണം സാമ്പത്തികമായി വലിയ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. ബഡ്ജറ്റ് കുറയ്‌ക്കണമെന്ന ചർച്ചകൾക്കിടയിലും തന്റെ ആഗ്രഹത്തിനനുസരിച്ച് സിനിമ പൂർത്തിയാക്കാൻ നയൻതാരയാണ് തുണയായത്. ‘മൂക്കുത്തി അമ്മൻ’ എന്ന ചിത്രത്തിന് ലഭിച്ച അഡ്വാൻസ് തുക അയച്ചുതന്നാണ് നയൻതാര അന്ന് ചിത്രീകരണം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിച്ചതെന്നും വിഘ്നേഷ് പറഞ്ഞു.
പിന്നാലെ നയൻതാര വേദിയിലേക്കെത്തി. പങ്കാളിയെ കണ്ട വിഘ്‌നേഷ് വികാരാധീനനായി. വിഘ്‌നേഷും നയൻതാരയും ഏറെനേരം കെട്ടിപ്പിടിച്ചുനിന്നു. തുടർന്ന് വിഘ്‌നേഷ് നയൻതാരയുടെ നെറുകയിൽ ചുംബിച്ചു. വിഘ്‌നേഷിനെ നയൻതാര പുറത്തുതട്ടി ആശ്വസിപ്പിച്ചു. വേദിയിൽ സംസാരിക്കാൻ വിസമ്മതിച്ച നയൻതാര കാണികളെ കൈകൂപ്പി അഭിവാദ്യംചെയ്തു
പ്രദീപ് രംഗനാഥനും കൃതി ഷെട്ടിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ലൗ ഇൻഷുറൻസ് കമ്പനി’ ഒരു സയൻസ് ഫിക്ഷൻ കോമഡി ചിത്രമാണ്. ഗൗരി കിഷൻ, യോഗി ബാബു, സീമൻ, മിഷ്‌കിൻ തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്ന ഈ ചിത്രം ഏപ്രിൽ 10-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. റൗഡി പിക്‌ചേഴ്‌സും സെവൻ സ്‌ക്രീൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ഒരുക്കിയ സംഗീതം ഇതിനോടകം തന്നെ തരംഗമായിക്കഴിഞ്ഞു.
















