വാഷിങ്ടണ്‍: അന്താരാഷ്‌ട്ര ബഹിരാകാശ നിലയവുമായി ആശയവിനിമയം നടത്തി ആര്‍ട്ടെമിസ് 2 യാത്രികര്‍. ചരിത്രത്തില്‍ ആദ്യമായാണ് ചാന്ദ്ര ദൗത്യത്തിലെ അംഗങ്ങള്‍ ഐഎസ്എസുമായി ഷിപ്പ് ടു ഷിപ്പ് കോള്‍ ചെയ്യുന്നത്. റീഡ് വൈസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോച്ച്, ജെറമി ഹാന്‍സണ്‍ എന്നിവരാണ് ഐഎസ്എസിലുള്ളവരുമായി സംസാരിച്ചത്.
ക്രസ്റ്റീന കോച്ച് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ ജെസീക്ക മെയറുമായി സംസാരിച്ചു. 2019ല്‍ ഇരുവരും ആദ്യമായി സ്ത്രീകള്‍ മാത്രമുള്ള ബഹിരാകാശ യാത്രയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നവരാണ്. നാസയുടെ മിഷന്‍ കണ്‍ട്രോളിന്റെ സഹായത്തോടെയാണ് ഓറിയോണ്‍ പേടകത്തിലെ ബഹിരാകാശയാത്രികരും ബഹിരാകാശ നിലയത്തിലെ നാല് അംഗങ്ങളും തമ്മില്‍ സംസാരിച്ചത്. ആര്‍ട്ടെമിസ് 2ലെ അംഗങ്ങള്‍ ഐഎസ്എസിലെ നാസ ബഹിരാകാശയാത്രികരായ ജെസീക്ക മെയര്‍, ക്രിസ് വില്യംസ്, ജാക്ക് ഹാത്ത്വേ, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി ബഹിരാകാശ യാത്രിക സോഫി അഡെനോട്ട് എന്നിവരുമായി ഏകദേശം 15 മിനിറ്റാണ് ഓഡിയോ-ഒണ്‍ലി കോളില്‍ സംസാരിച്ചത്.
ഈ സമയം പേടകം ഭൂമിയില്‍ നിന്ന് 200,000 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു. അതേസമയം ഭൂമിയില്‍ നിന്ന് 250 നോട്ടിക്കല്‍ മൈല്‍ ഉയരത്തിലാണ് ബഹിരാകാശ നിലയം പരിക്രമണം ചെയ്യുന്നത്.














