തിരുവനന്തപുരം/പാലക്കാട്: തങ്ങളുടെ തോല്‍വിയുറപ്പായ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും സിപിഎമ്മും അവസാന മിനിറ്റില്‍ ബിജെപിയുടെ സമുന്നതരായ സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ കള്ളക്കളിയും ഗൂഢനീക്കവും പുറത്തെടുത്തു.
പാലക്കാട്ട് ശോഭ സുരേന്ദ്രനെയാണ് വോട്ടര്‍ക്ക് പണം നല്കിയെന്നാരോപിച്ച് വ്യാജ വീഡിയോയുമായി കുടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചതെങ്കില്‍ നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരേയായിരുന്നു സിപിഎം നീക്കം. ബിജെപി ഓഫീസില്‍ നിന്ന് മദ്യം പിടിച്ചെന്നായിരുന്നു വ്യാജ ആരോപണം. ഇന്നലെ കണ്ണാടി പഞ്ചായത്ത് തരുവക്കുറിശ്ശിയിലായിരുന്നു ശോഭയുടെ പര്യടനം.
സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ചു പോയതിനു പിന്നാലെ വെള്ള ചുരിദാര്‍ ധരിച്ച് മുല്ലപ്പൂ ചൂടിയ സ്ത്രീ ഒരു വീട്ടിലേക്കു കയറി വയോധികയ്‌ക്ക് എന്തോ നല്കുന്നതാണ് വീഡിയോ. വീടിനു സമീപത്തെ മതിലിനു പിന്നില്‍ നിന്നെടുത്ത വീഡിയോയാണിത്.
തുടര്‍ന്ന് ആ സ്ത്രീ മറ്റൊരു സ്ഥലത്ത് ബിജെപിയുടെ വാഹനങ്ങള്‍ക്കു സമീപത്തു കൂടി നടക്കുന്നതുമുണ്ട്. എന്നാല്‍, അവര്‍ ബിജെപി വാഹനങ്ങളില്‍ കയറുന്നില്ല. അവര്‍ ശോഭയ്‌ക്കൊപ്പം നില്‍ക്കുന്നതും വീഡിയോയിലില്ല. പിന്നീട് ആ സ്ത്രീ വയോധികയ്‌ക്ക് എന്തോ കൈമാറുന്നതാണ് വീഡിയോയില്‍. ആ സ്ത്രീക്കൊപ്പമുണ്ടായിരുന്നത് ഷാഫി പറമ്പില്‍ വിഭാഗക്കാരനും നിരവധി കേസുകളിലെ പ്രതിയുമായ കോണ്‍ഗ്രസ് നേതാവ് വിനേഷാണ്. ഇയാള്‍ പിന്നീട് ശോഭയുടെ കാര്‍ പിന്തുടരുകയും വീഡിയോ എടുക്കുന്നുമുണ്ട്. സ്ഥാനാര്‍ത്ഥിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി വോട്ടിന് കാശ് കൊടുത്തെന്ന് ആരോപിച്ച് ശോഭയുടെ വീഡിയോയെടുത്തു. ഇതിനിടെ കാറിലുണ്ടായിരുന്ന യുവാവും ശോഭയുടെ വീഡിയോ അനുമതിയില്ലാതെ പകര്‍ത്തി. ഇതു ചോദ്യം ചെയ്തപ്പോള്‍ കാറിലുള്ളവര്‍ ഇറങ്ങി. അതിലൊരു യുവാവ് ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചതോടെ ശോഭ കാറില്‍ നിന്നിറങ്ങി. രണ്ടു ദിവസമായി ഈ കാര്‍ ശോഭയെ പിന്തുടരുന്നുണ്ടായിരുന്നു. സ്ത്രീയെന്ന പരിഗണന പോലുമില്ലാതെ ശോഭയെ അപമാനിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു.
വിനേഷ് കുഴല്‍മന്ദം റൂറല്‍ ക്രെഡിറ്റ് സൊസൈറ്റി എന്ന പേരില്‍ സൊസൈറ്റി നടത്തി നൂറുകണക്കിനാളുകളുടെ കോടികള്‍ പറ്റിച്ച ആളാണ്. ശോഭ ജില്ലാ പോലീസ് മേധാവിക്കും, തെരഞ്ഞെടുപ്പ് കമ്മിഷനും ഇ-മെയില്‍ പരാതി നല്കി.
വോട്ടര്‍മാര്‍ക്കു വിതരണം ചെയ്യാന്‍ നേമത്തെ ബിജെപി ബൂത്ത് ഓഫീസില്‍ മദ്യം ശേഖരിച്ചെന്ന ആരോപണമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടിയുടെ ചീഫ് ഇലക്ഷന്‍ ഏജന്റ് ഉന്നയിച്ചത്. 336 ലിറ്റര്‍ മദ്യം പിടിച്ചെന്നും എന്നാല്‍ ഉദ്യോഗസ്ഥര്‍ അത് ആറു ലിറ്ററാക്കി മാറ്റിയെന്നുമാണ് ചീഫ് ഇലക്ഷന്‍ ഏജന്റ് ജയില്‍കുമാര്‍ പറയുന്നത്. ആഭ്യന്തര, എക്‌സൈസ് വകുപ്പുകള്‍ ബിജെപിയെ സഹായിച്ചെന്നാണ് സിപിഎം നേതാവ് പറയാതെ പറഞ്ഞത്.
ശിവന്‍കുട്ടി തോല്‍ക്കുമെന്നുറപ്പായതാണ് ഇത്തരം നീക്കങ്ങള്‍ക്കു കാരണം. ഭരണ പരാജയത്തില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണിതെന്നു സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
















