ലൈംഗിക അതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായെന്ന വാർത്ത പുറത്ത് വന്നപ്പോൾ മുതൽ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്ന ഒന്നാണ് എന്തുകൊണ്ട് ഭാഗ്യലക്ഷ്മി അടക്കമുള്ളവർ പ്രതികരിക്കുന്നില്ല എന്നത്. ഇപ്പോഴിതാ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി.
‘ എനിക്ക് ആ വിഷയത്തിൽ നിലപാടില്ലാത്തതുകൊണ്ടല്ല. വാർത്താചാനലുകളിൽ വന്ന് സംസാരിക്കുന്നില്ലെന്ന് കരുതി എനിക്ക് അതിൽ അഭിപ്രായമില്ലെന്ന് അർത്ഥമില്ല. എനിക്ക് വ്യക്തമായ അഭിപ്രായമുണ്ട്. അഭിപ്രായം എപ്പോഴും ചാനലുകൾക്ക് മുന്നിൽ വന്നിരുന്ന് പറഞ്ഞ് കൊള്ളണമെന്ന് നിർബന്ധമില്ലല്ലോ.
രഞ്ജിത്തിന്റെ വാർത്ത കണ്ടയുടൻ ആ പെൺകുട്ടിയെ വിളിച്ചു. പക്ഷെ ആ പെൺകുട്ടി ഫോൺ എടുത്തില്ല. ഉടൻ തന്നെ ഞാൻ ഒരു മെസേജ് അയച്ചു. മോളെ വാർത്ത കണ്ടു. ധൈര്യമായിരിക്കൂ. എന്നും ഒപ്പമുണ്ടാകുമെന്ന് ഞാൻ മെസേജ് അയച്ചു. അത്രയും മതി യഥാർത്ഥത്തിൽ. അവളോടൊപ്പം എന്ന് ഞാൻ പറയുന്നുണ്ടെങ്കിൽ അത് വെറുമൊരു വാക്കല്ല എന്നത് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്. നടിയെ ആക്രമിച്ച കേസിൽ കുറച്ച് അധികം സംസാരിക്കാൻ കാരണം ഏറ്റവും ഉന്നതനും സ്വാധീനവുമുള്ള വ്യക്തിയാകുമ്പോൾ നമുക്ക് സംസാരിക്കാൻ കുറേയധികം കാര്യങ്ങളുണ്ടാകും എന്നതാണ്.
വിധി വന്ന ദിവസം ഞാൻ അതിജീവിത എത്രത്തോളം അപ്സറ്റായോ അത്രത്തോളം ഞാനും അപ്സറ്റായി. പത്രസമ്മേളനം നടത്തിയപ്പോൾ പോലും എനിക്ക് എന്നെ കൺട്രോൾ ചെയ്യാൻ പറ്റുന്നില്ലായിരുന്നു. എല്ലാ ദേഷ്യവും വെച്ച് തന്നെയാണ് അന്ന് എന്റെ നിലപാട് ശക്തമായി പറഞ്ഞത്.
വീട്ടിൽ വന്നിട്ട് പോലും ഞാൻ ഓക്കെയായിരുന്നില്ല . എല്ലാം കണ്ട് എന്റെ മൂത്തമകൻ എന്നോട് പറഞ്ഞു ചില കാര്യങ്ങൾ. അമ്മയെ എങ്ങനെ പ്രകോപിപ്പിക്കണമെന്ന് അമ്മയുടെ വാർത്ത സമ്മേളനം പകർത്താൻ വരുന്നവർക്ക് അറിയാം. അമ്മയുടെ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം. അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് അവൻ പറഞ്ഞു.ആലോചിച്ചപ്പോൾ ശരിയാണെന്ന് തോന്നി. ഒരാളെ ചേർത്ത് പിടിക്കണമെങ്കിൽ അയാളുടെ അടുത്തേക്ക് നേരിട്ട് എത്തിയാൽ പോരേ?. അത് സമൂഹത്തേയും മാധ്യമങ്ങളേയും ബോധ്യപ്പെടുത്തേണ്ട ആവശ്യം എന്താണ്“ എന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.
















