തിരുവനന്തപുരം: ജയില്‍ മേധാവി എഡിജിപി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ ഉണ്ടായ അഴിമതി ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.
അതേസമയം, അഴിമതി നിരോധന നിയമപ്രകാരം ഉന്നത ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തുന്നതിന് സര്‍ക്കാരില്‍ നിന്നുള്ള മുന്‍കൂര്‍ അനുമതി വാങ്ങി ഹാജരാക്കണമെന്ന് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ഹര്‍ജിക്കാരനോട് നിര്‍ദ്ദേശിച്ചു.ടി.എസ്. ആശിഷ് ആണ് ഹര്‍ജി നല്‍കിയത്. ജയില്‍ വകുപ്പിലെ അഴിമതികളുമായി ബന്ധപ്പെട്ട് വിരമിച്ച ഡിഐജി പി. അജയകുമാര്‍ ഒരു പ്രമുഖ മാധ്യമത്തിലൂടെ നടത്തിയ വെളിപ്പെടുത്തലുകളാണ് ഹര്‍ജിക്ക് ആധാരം.
നിലവില്‍ അഴിമതിക്കേസില്‍ സസ്‌പെന്‍ഷനിലുള്ള ജയില്‍ ഡിഐജി എം.കെ. വിനോദ് കുമാര്‍ നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ബല്‍റാം കുമാര്‍ ഉപാധ്യായ ഒത്താശ ചെയ്തു. തടവുകാര്‍ക്ക് ചട്ടവിരുദ്ധമായി പരോള്‍ അനുവദിക്കുന്നതിനും ജയിലുകള്‍ക്കുള്ളിലേക്കു ലഹരിവസ്തുക്കളും മൊബൈല്‍ ഫോണും എത്തിക്കുന്നതിനും വിനോദ് കുമാര്‍ പണം വാങ്ങിയിരുന്നതായും ഇതിന്റെ പങ്ക് ജയില്‍ മേധാവിക്ക് ലഭിച്ചതായും ഹര്‍ജിയില്‍ ആരോപിക്കുന്നു.
കേസില്‍ പ്രാഥമിക വാദം കേട്ട കോടതി, പരാതികളില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നു നിരീക്ഷിച്ചു. എന്നാല്‍, അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതികള്‍ അനുസരിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുന്നതിനു മുമ്പ് ബന്ധപ്പെട്ട അധികാരികളില്‍ നിന്നുള്ള അനുമതിപത്രം ആവശ്യമാണെന്നതിനാലാണ് നിര്‍ദ്ദേശം നല്‍കിയത്.











