അരൂര്‍ : ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ച എരമല്ലൂര്‍ കാക്കത്തുരുത്ത് ദ്വീപിനോടുള്ള അധികാരികളുടെ അവഗണന തുടരുന്നു. ഇവിടെ നിന്നുള്ള അതി സുന്ദരമായ സൂര്യാസ്തമയ കാഴ്ച നാഷണല്‍ ജോഗ്രഫി മാഗസനില്‍ ഇടം നേടിയതോടെയാണ് ഈ ചെറിയ ദ്വീപ് ലോക ശ്രദ്ധ നേടിയത്. ഇതോടെ അനേകം വിദേശികളും സ്വദേശികളുമായ വിനോദ സഞ്ചാരികളാണ് കാക്കത്തുരുത്തിലേക്ക് എത്തുന്നത്. എന്നാല്‍ ഇവര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ പോലും അധികൃതര്‍ക്കാവുന്നില്ല എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം.
ഇപ്പോഴും കടത്തു വള്ളത്തിലാണ് കാക്കത്തുരുത്തിലേക്കുള്ള യാത്ര. തുരുത്തിലുള്ള പാടവരമ്പുകളും, ചെറുതോടുകളിലെ മീന്‍ വളര്‍ത്തല്‍ കേന്ദ്രങ്ങളും, നനുത്ത കാറ്റും തുരുത്തിലെ പ്രത്യേകതയാണ്. ഇതിനോടൊപ്പം സൂര്യാസ്തമന ദൃശ്യം വല്ലാത്ത അനുഭവമാണ് സഞ്ചാരികള്‍ക്ക് കിട്ടുന്നത്. നാടന്‍ വള്ളങ്ങളില്‍ ദ്വീപിന് ചുറ്റുമുള്ള യാത്രയും കാഴ്ചകളും വിനോദ സഞ്ചാരികള്‍ക്ക് ഏറെ ഹൃദ്യമാവുന്നവയാണ്.
എരല്ലൂരില്‍ നിന്ന് കാക്കത്തുരുത്തിലേക്കുള്ള പാലം എന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പാലം നിര്‍മ്മിക്കാന്‍ പത്ത് വര്‍ഷം മുമ്പ് തുടക്കം കുറിച്ചതാണ്. അതിനുള്ള കുറ്റികള്‍ കായലില്‍ തയ്യാറാക്കുകയും ചെയ്തതാണ്. എന്നാല്‍ അപ്രോച്ച് റോഡുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കം മൂലം പാലം പണി ഉപേക്ഷിക്കുകയായിരുന്നു പിന്നീട് ഓരോ തെരെഞ്ഞെടുപ്പ് വരുമ്പോഴും ഇടത് വലത് സ്ഥാനാര്‍ത്ഥികളും പാലം പണിയാന്‍ ഉടന്‍ ആരംഭിക്കുമെന്ന് വാഗ്ദാനം നല്‍കും. പിന്നീട് ആ ഭാഗത്തേക്ക് തിരിഞ്ഞു പോലും നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
ലോക ശ്രദ്ധയാകര്‍ഷിച്ച ഒരു വിനോദ സഞ്ചാര കേന്ദ്രം, പരമാവധി പ്രയോജനപ്പെടുത്തുവാന്‍ ശ്രദ്ധിക്കാത്ത അധികാരികളാണ് കാക്കത്തുരുത്തിന്റെ ശാപം ഡിറ്റിപിസി പോലും വേണ്ടത്ര പരിഗണന ഈ വിഖ്യാതമായ സൂര്യാസ്തമന ദ്വീപിന് നല്‍കുന്നില്ല എന്നതാണ് വാസ്തവം. കാക്കത്തുരുത്ത് പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് സംബന്ധിച്ച തര്‍ക്കം ചര്‍ച്ച ചെയ്ത് പരിഹരിച്ച് എത്രയും വേഗം ദ്വീപിന്റെ വികസന പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.













