കാസർകോട്: മഞ്ചേശ്വരത്ത് യുഡിഎഫ് വ്യാപകമായി കള്ളവോട്ടിന് നീക്കം നടത്തുന്നുവെന്ന് ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ. നാട്ടിലെത്താത്ത പ്രവാസികളുടെ വോട്ടർ സ്ലിപ്പുകൾ യുഡിഎഫ് പ്രവർത്തകർ ശേഖരിച്ചുവെന്ന ആരോപണവും കെ. സുരേന്ദ്രൻ ഉയർത്തി. മഞ്ചേശ്വരം, കുമ്പള, മംഗൽപ്പാടി, വോർക്കാടി പഞ്ചായത്തുകളിലാണ് കള്ളവോട്ട് ചെയ്യാൻ ഒരുങ്ങുന്നത്.
മുസ്ലീം ലീഗിന് മാത്രം സ്വാധീനമുള്ള 25 ബൂത്തുകൾ കേന്ദ്രീകരിച്ചാണ് കള്ളവോട്ടിന് ശ്രമിക്കുന്നത്. ജില്ലാ ഭരണകൂടം ഈ ബൂത്തുകളിൽ കൃത്യമായി നിരീക്ഷണം ഏർപ്പെടുത്തണം. നടപടി ഉണ്ടായില്ലെങ്കിൽ സുതാര്യമായ തെരഞ്ഞെടുപ്പ് നടക്കില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഇത്തവണ ഞങ്ങൾ നല്ല പ്രതീക്ഷയിൽ ആണ്. കാരണം യുഡിഎഫിന്റെ തെറ്റായ പ്രചാരണങ്ങളെ ജനങ്ങൾ തിരസ്കരിച്ചു കഴിഞ്ഞു. സർക്കാരിന് എതിരെ ഉള്ള വികാരം പോലെ തന്നെ മണ്ഡലത്തിൽ ലീഗിന് എതിരെയുള്ള വികാരവും ശക്തമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
വർഗീയ കാർഡ് ഇറക്കിയാണ് യുഡിഎഫും ലീഗും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും ഇത്തവണ ആ കാർഡ് മഞ്ചേശ്വരത്ത് ചെലവാകില്ലെന്നും കെ സുരേന്ദ്രൻ നേരത്തെ പ്രതികരിച്ചിരുന്നു. മുസ്ലിം സഹോദരർ തന്നെ ഈ വർഗീയ കാർഡിന് എതിരായിട്ടുള്ള നിലപാട് ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
















