ന്യൂഡൽഹി: അതിഥിത്തൊഴിലാളികൾക്ക് നൽകുന്ന 5 കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ. സംസ്ഥാനങ്ങൾക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകി. അതിഥി തൊഴിലാളികൾക്ക് ഗാർഹിക കണക‍്ഷനില്ലാത്ത സാഹചര്യത്തിലാണ് 5 കിലോഗ്രാം സിലിണ്ടറുകളുടെ വിതരണം ഇരട്ടിയാക്കിയത്.
ഗാർഹിക സിലിണ്ടറുകളുടെ ബുക്കിങ് ഇടവേള കൂട്ടിയതു മൂലം ഉപയോക്താക്കൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ 5 കിലോഗ്രാം സിലിണ്ടറുകളുടെ വിതരണം കൂട്ടിയിരുന്നു. ഗാർഹിക കണക്‌ഷനുള്ള നടപടിക്രമങ്ങൾ ഇല്ലാതെ, തിരിച്ചറിയൽ രേഖ മാത്രം നൽകി സിലിണ്ടർ കൊണ്ടുപോകാമെന്നതാണു നേട്ടം.
തിങ്കളാഴ്ച മാത്രം 5 കിലോഗ്രാമിന്റെ 1.06 ലക്ഷം സിലിണ്ടറുകളാണ് വിതരണം ചെയ്തത്. ഫെബ്രുവരിയിൽ പ്രതിദിന ശരാശരി വിതരണം 77,000 മാത്രമായിരുന്നു. മാർച്ച് 23ന് ശേഷം 7.8 ലക്ഷം ചെറു സിലിണ്ടറുകളാണു നൽകിയത്.
















