വിധവകൾക്കായി കേരള സർക്കാരിന്റെ സാമൂഹിക നീതി വകുപ്പ് ആരംഭിച്ച പദ്ധതിയാണ് അഭയകിരണം. ഈ പദ്ധതി പ്രകാരം പ്രതിമാസം 1000 രൂപയാണ് നൽകുന്നത്. ഇത് ക്ഷേമ പെൻഷന് പുറമെയാണ്. അഭയകിരണം പദ്ധതിയിൽ അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങളും അപേക്ഷിക്കുന്നത് എങ്ങനെയെന്നും പരിശോധിക്കാം…
അപേക്ഷിക്കുന്ന വ്യക്തി കേരളത്തിൽ താമസിക്കുന്ന ആളായിരിക്കണം. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷത്തിന് താഴെയായിരിക്കണം. അപേക്ഷിക്കുന്ന വ്യക്തി കുടുംബ പെൻഷനോ സർവീസ് പെൻഷനോ വാങ്ങുന്നവരായിരിക്കരുത്. കൂടാതെ, സാമൂഹിക നീതി വകുപ്പ് വഴി നടപ്പിലാക്കുന്ന മറ്റ് പദ്ധതികളുടെ ഗുണഭോക്താവാകരുത്.
ഓൺലൈനായി അപേക്ഷിക്കേണ്ട വിധം:
www.schemes.wcd.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
പൊതുദന പദ്ധതികൾ എന്ന വിഭാഗത്തിൽ അപേക്ഷ പോർട്ടൽ എന്നതിൽ ക്ലിക്ക് ചെയ്യുക.
എങ്ങനെ അപേക്ഷിക്കാം എന്ന മെനുവിൽ ക്ലിക്ക് ചെയ്ത് അർഹതാ മാനദണ്ഡങ്ങളും അപേക്ഷ സമർപ്പിക്കേണ്ട രീതിയും അറിഞ്ഞിരിക്കാം.
ശേഷം, അപേക്ഷകൾ ഐ.സി.ഡി.എസ്. ഓഫീസിലെ ശിശുവികസന പദ്ധതി ഓഫീസർമാർക്ക് ഓൺലൈനായി സമർപ്പിക്കാം.
ഓഫ്ലൈനായി അപേക്ഷിക്കേണ്ട വിധം
അടുത്തുള്ള ജില്ലാ സാമൂഹിക നീതി ഓഫീസ് സന്ദർശിച്ച് അപേക്ഷാ ഫോം വാങ്ങുക.
ശരിയായി പൂരിപ്പിച്ച അപേക്ഷ ഫോമും അനുബന്ധ രേഖകളും ബന്ധപ്പെട്ട ജില്ലാ സാമൂഹിക നീതി ഓഫീസർമാർക്ക് സമർപ്പിക്കുക.
നിരാലംബരും ഭവനരഹിതരുമായ വിധവകൾക്ക് മികച്ച ജീവിത സാഹചര്യം ഒരുക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് അഭയകിരണം. സ്വന്തമായി വീടില്ലാത്ത വിധവകളെ സംരക്ഷിക്കുന്ന ബന്ധുവിന് പ്രതിമാസം 1,000 രൂപ സാമ്പത്തിക സഹായം നൽകുന്നു. വിധവകളെ കൂടാതെ, അവിവാഹിതർ, ഭർത്താവ് ഉപേക്ഷിച്ചുപോയവർ അടക്കമുള്ളവരെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
















