ഭോപാല്‍: ആദ്യഭാര്യ കൂടെയിരിക്കെ രണ്ടാമതും ഒരു സ്ത്രീയെ വിവാഹം കഴിച്ച മുസ്ലിം പുരുഷനെ പിന്തുണച്ച് മധ്യപ്രദേശ് ഹൈക്കോടതി വിധി. ഇസ്ലാമിക നിയമം ബഹുഭാര്യാത്വം അനുവദിക്കുന്നുവെന്നായിരുന്നു ഇതിനെ ന്യായീകരിച്ച് മധ്യപ്രദേശ് ഹൈക്കോടതിയിലെ ജസ്റ്റിസ് ബി പി ശർമ്മ വിധിച്ചത്. അതിനാല്‍ ബിഗെമി (Bigamy- ഒരേ സമയം രണ്ട് ഭാര്യമാരെ വെച്ചിരിക്കല്‍) കുറ്റകരമാക്കുന്ന 494ാം വകുപ്പ് ഇയാള്‍ക്ക് ബാധകമാകില്ലെന്നും ജഡ്ജിയുടെ വിവാദ വിധിയില്‍ പറയുന്നു.
“ഒരു ഭാര്യ ഇരിയ്‌ക്കെ തന്നെ രണ്ടാമത് വിവാഹം കഴിക്കുന്ന ഒരു മുസ്ലീം പുരുഷനെതിരെ ദ്വിഭാര്യാത്വം എന്ന കുറ്റം ചെയ്യുന്നില്ല. കാരണം, ഒന്നിലധികം വിവാഹങ്ങൾ അയാളുടെ സമുദായത്തിന് അനുവദനീയമാണ്. അതിനാല്‍ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 494 ഇക്കാര്യത്തില്‍ “അസാധുവാണ്” – ജഡ്ജി പറഞ്ഞു. ഒരു ഭാര്യ കൂടെ ജീവിക്കുമ്പോള്‍ രണ്ടാമതും ഒരു വിവാഹം കഴിക്കുന്ന ദ്വിഭാര്യാത്വം (ബിഗെമി-Bigamy) കുറ്റകരമാക്കുന്ന വകുപ്പാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 494.ാം വകുപ്പ്.
പകരം ഐപിസി 498-എ, 342, 323, 506 പാർട്ട്-II വകുപ്പുകൾ പ്രകാരം ഉൾപ്പെടുത്തിയിട്ടുള്ള അധിക കുറ്റങ്ങൾക്കായി വിചാരണ തുടരാമെന്നും കോടതി പറഞ്ഞു.
2002 ഡിസംബറില്‍ ആണ് ഹര്‍ജിക്കാരനായ മുസ്ലീം പുരുഷന്റെ ആദ്യ വിവാഹം നടന്നത്. എന്നാല്‍ ഈ ബന്ധത്തില്‍ കുട്ടിയുണ്ടായില്ല. അതിനാല്‍ ഭര്‍ത്താവ് തന്നെ പീഡിപ്പിച്ചുവെന്നും പിന്നീട് 2022 മെയ് മാസത്തിൽ അയാള്‍ രണ്ടാമത് വേറെ വിവാഹം ചെയ്തുവെന്നും പരാതിപ്പെട്ട് ആദ്യ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മാത്രമല്ല പരസ്പര സമ്മതത്തോടെ അല്ലെങ്കിൽ “ഖുല” വഴി അദ്ദേഹത്തിന് “വിവാഹമോചനം” അനുവദിച്ചുകൊടുക്കാന്‍ സ്ത്രീയുടെ മേല്‍ സമ്മർദ്ദമുണ്ടെന്നും ആദ്യ ഭാര്യ പരാതിയില്‍ പറയുന്നു.
മുസ്ലീം വ്യക്തിനിയമം ഒരേസമയം നാല് ഭാര്യമാരെ വരെ അനുവദിക്കുന്നുവെന്നും അതിനാൽ ഈ വിഷയത്തിൽ സെക്ഷൻ 494 പ്രയോഗിക്കാൻ കഴിയില്ലെന്നും ഹർജിക്കാരനായ മുസ്ലിമിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു. ഒരു മുസ്ലീം പുരുഷന്‍ അഞ്ചാമത് വിവാഹം കഴിക്കുന്ന സാഹചര്യത്തിൽ മാത്രമേ ഈ വകുപ്പ് പ്രാബല്യത്തിൽ വരൂ എന്നും കേരള ഹൈക്കോടതിയുടെ 2015 ലെ വിധി ഉദ്ധരിച്ചു കൊണ്ട് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു.
















