തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് സ്ഥാനാര‍്ത്ഥി കെ. മുരളീധരനും നേമത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശബരീനാഥനും മൂന്നാമന്മാരാകുമെന്ന് വോട്ടെടുപ്പിന് മുന്‍പേ വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ ലാപ് മുതലേ ഇരുവരും മൂന്നാം സ്ഥാനം ഉറപ്പിക്കുന്ന മട്ടില്‍ തണുപ്പന്‍ രീതിയിലൂടെയാണ് മുന്നേറിയിരുന്നത്. വട്ടിയൂര്‍ക്കാവില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശ്രീലേഖയും എല്‍ഡിഎഫിന്റെ വി.കെ. പ്രശാന്തും തമ്മിലാണ് പ്രധാനപോരെന്ന് ഇപ്പോഴേ വട്ടിയൂര്‍ക്കാവ് വിലയിരുത്തിക്കഴിഞ്ഞു. ഇവിടെ യുഡിഎഫിന് അനുകൂലമായ യാതൊരു തരംഗവുമില്ല.
അതുപോലെ നേമത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടിയും തമ്മിലാണ് പ്രധാനമത്സരം. ഇവിടെ ശബരീനാഥന്‍ മത്സരക്കളത്തിലേ ഇല്ല. പല പ്രീപോള്‍ സര്‍വ്വേകളിലും വിജയിയെ പ്രഖ്യാപിക്കാന്‍ കഴിയാത്ത രണ്ട് മണ്ഡലങ്ങളാണ് നേമവും വട്ടീയൂര്‍ക്കാവും.
കടുത്ത മത്സരം നടക്കുന്ന ഈ രണ്ട് മണ്ഡലങ്ങളിലും കെ. മുരളീധരനും ശബരീനാഥനും പിടിക്കുന്ന വോട്ടാണ് വിജയിയെ നിശ്ചയിക്കുക എന്നും വിലയിരുത്തലുകള്‍ ഉണ്ട്. വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖയും പ്രശാന്തും പ്രചാരണപരിപാടികളിലൂടെ മണ്ഡലമാകെ നിറഞ്ഞുനിന്നിരുന്നു. സമൂഹമാധ്യമങ്ങളിലും ഇവരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. അതുപോലെ നേമത്തും രാജീവ് ചന്ദ്രശേഖറും വി. ശിവന്‍കുട്ടിയുമാണ് കളം നിറഞ്ഞത്. സമൂഹമാധ്യമങ്ങളിലും അങ്ങിനെ തന്നെ.
















