തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവനില്‍ ബിജെപി 47-ാമത് സ്ഥാപനദിനം ആഘോഷിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മാരാര്‍ജി ഭവനില്‍ ബിജെപി പതാക ഉയര്‍ത്തി. തുടര്‍ന്ന് ബിജെപി ജനസംഘം സ്ഥാപക നേതാക്കളായ ശ്യാമപ്രസാദ് മുഖ്യര്‍ജിയുടെയും ദീന്‍ദയാല്‍ ഉപാധ്യായയുടെയും പ്രതിമകളില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് മാരാര്‍ജി ഭവനില്‍ എത്തിയ ബിജെപിയുടെ ആദ്യകാല പ്രവര്‍ത്തകരുമായി അദ്ദേഹം സംവദിച്ചു. ബിജെപിയുടെ ആദ്യ എംഎല്‍എയും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ. രാജഗോപാല്‍, മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. രാമന്‍പിള്ള, കേരളത്തിലെ യുവമോര്‍ച്ചയുടെ രണ്ടാമത്തെ സംസ്ഥാന അധ്യക്ഷനും ഇപ്പോള്‍ സംസ്ഥാന കമ്മിറ്റി അംഗവും ജന്മഭൂമി റെസിഡന്റ് എഡിറ്ററുമായ കെ. കുഞ്ഞിക്കണ്ണന്‍, ബിജെപിയുടെ ആദ്യ കൗണ്‍സിലര്‍മാരായ പി. അശോക് കുമാര്‍, വെങ്കിട്ട രാമശര്‍മ്മ, മാണിക്കം, ആദ്യകാല പ്രവര്‍ത്തകനും ഇപ്പാള്‍ സംസ്ഥാന സമിതി അംഗവുമായ തോട്ടയ്‌ക്കാട് ശശി, തിരുവനന്തപുരത്തെ ആദ്യ ജില്ലാ ജനറല്‍ സെക്രട്ടറി സരസാംഗന്‍, മുന്‍ ജില്ലാ അധ്യക്ഷന്‍ ഗോപാല്‍ ജി., ആദ്യകാല പ്രവര്‍ത്തകരായ ചാല മണി, ശബരി, ഡോ. കെ.എന്‍. മധുസൂദനന്‍ പിള്ള തുടങ്ങിയ ആദ്യകാല പ്രവര്‍ത്തകരാണ് മാരാര്‍ജി ഭവനിലെ സ്ഥാപനദിന ആഘോഷത്തില്‍ പങ്കെടുത്തത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, മുന്‍കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍, കേന്ദ്രമന്ത്രി ശോഭാ കരന്തലജെ, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, അഡ്വ. എസ്. സുരേഷ്, എന്‍ഡിഎ വൈസ് ചെയര്‍മാന്‍ എ.എന്‍. രാധാകൃഷ്ണന്‍ തുടങ്ങിയവരും പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തു. ആഘോഷത്തിന്റെ ഭാഗമായി മാരാര്‍ജി ഭവനില്‍ എത്തിയവര്‍ക്ക് മധുരം വിതരണം ചെയ്തു.
















