ആലങ്ങാട്: കളമശേരി നിയോജക മണ്ഡലത്തില്‍ എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം രാഷ്‌ട്രീയ സമവാക്യങ്ങള്‍ മാറ്റിമറിക്കുന്നതിനിടെ, നിലവിലെ എംഎല്‍എയും മന്ത്രിയുമായ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക് നീങ്ങുന്നതായി രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മണ്ഡലത്തിലെ രാഷ്‌ട്രീയ ചൂട് ഉയരുകയാണ്.
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ നടക്കുന്ന വാഹന പ്രചാരണ ജാഥകളും ഗൃഹസമ്പര്‍ക്ക പ്രവര്‍ത്തനങ്ങളും വിവിധ കേന്ദ്രങ്ങളില്‍ വലിയ ജനപങ്കാളിത്തം നേടുന്നു. യുവാക്കളും സ്ത്രീകളും ഉള്‍പ്പെടുന്ന വോട്ടര്‍മാരില്‍ നിന്ന് ലഭിക്കുന്ന ആവേശകരമായ പ്രതികരണം എന്‍ഡിഎ ക്യാമ്പില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതായി നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിലെ വീഴ്ചകള്‍, തൊഴിലില്ലായ്‌മ, വ്യവസായ മേഖലയിലെ മന്ദഗതി എന്നിവയെ മുന്‍നിര്‍ത്തിയാണ് എന്‍ഡിഎ പ്രചാരണം ശക്തമാക്കുന്നത്.
‘വാഗ്ദാനങ്ങള്‍ക്കപ്പുറം പ്രവര്‍ത്തനം വേണം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഭരണകക്ഷിക്കെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്. അതേസമയം, പി. രാജീവ് നയിക്കുന്ന എല്‍ഡിഎഫ് ക്യാമ്പും ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നാല്‍, മണ്ഡലത്തിലെ ചില മേഖലകളില്‍ ഉയരുന്ന ഭരണവിരുദ്ധ വികാരം എല്‍ഡിഎഫിന് വെല്ലുവിളിയാകുന്നുവെന്ന വിലയിരുത്തലുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് ശക്തമായ പിന്തുണ നല്‍കിയിരുന്ന ചില പോക്കറ്റുകളിലും ഇത്തവണ മത്സരം കടുപ്പമാകുന്നതായി റിപ്പോര്‍ട്ടുകള്‍.
എന്‍ഡിഎയുടെ തുടര്‍ച്ചയായ ഗ്രൗണ്ട് പ്രവര്‍ത്തനവും കേന്ദ്ര പദ്ധതികളുടെ പ്രചാരവും വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തുന്നതായി രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നു. വോട്ടെടുപ്പ് ദിനം അടുത്തുവരുമ്പോള്‍ ഇരുവിഭാഗങ്ങളും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ്. ശക്തമായ ത്രികോണ മത്സരം രൂപപ്പെടുന്ന കളമശ്ശേരി മണ്ഡലം ഇത്തവണ ജില്ലയില്‍ ഏറ്റവും ശ്രദ്ധേയമായ പോരാട്ടമായി മാറുന്നുവെന്നാണ് വിലയിരുത്തൽ.
















