ഷാർജ: ഗൾഫ് മേഖലയിൽ ആക്രമണം തുടർന്ന് ഇറാൻ. ഷാർജയിലെ ഖോർഫക്കാൻ തുറമുഖം ലക്ഷ്യമിട്ട് ഇറാൻ സൈന്യം മിസൈൽ ആക്രമണം നടത്തിയതായി അധികൃതർ സ്ഥിരീകരിച്ചു. തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ഒരു കപ്പലിന് സമീപമാണ് മിസൈൽ പതിച്ചത്. സംഭവത്തിൽ ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
ഇതിനിടെ, ഇറാന് അന്ത്യശാസനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനകം തുറന്നില്ലെങ്കിൽ ഇറാനിലെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ശക്തമായ ആക്രമണം നടത്തുമെന്ന് ട്രംപ് വ്യക്തമാക്കി. ഇതിനായി മുമ്പ് നൽകിയിരുന്ന സമയപരിധി അവസാനിക്കാൻ ഇരിക്കെ, ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം രൂക്ഷ പ്രതികരണം നടത്തിയത്.അതേസമയം, സൈനിക നടപടി വ്യാപിപ്പിക്കുകയാണെങ്കിൽ മുഴുവൻ മേഖലയെയും യുദ്ധഭൂമിയാക്കുമെന്ന മുന്നറിയിപ്പാണ് ഇറാൻ നൽകുന്നത്.
ഖുസെസ്താൻ മേഖലയിലെ പെട്രോകെമിക്കൽ കേന്ദ്രങ്ങളിലുണ്ടായ യുഎസ്-ഇസ്രയേൽ ആക്രമണങ്ങൾക്ക് തിരിച്ചടിയായി, ഗൾഫ് രാജ്യങ്ങളിലാകെ ഇറാൻ വ്യാപക വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.കുവൈറ്റ് പെട്രോളിയം കോർപ്പറേഷന്റെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടന്നതിനെ തുടർന്ന് തീപിടിത്തമുണ്ടായി. കൂടാതെ, അബുദാബിയിലെ ബൊറൂജ് പെട്രോകെമിക്കൽ പ്ലാന്റിലും ബഹ്റൈനിലെ ഗൾഫ് പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കമ്പനിയുടെയും ബാപ്‌കോ എനർജീസിന്റെയും കേന്ദ്രങ്ങളിലും വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
















