കൊച്ചി: എൻഡിഎ സർക്കാർ അധികാരത്തിൽ വന്നാൽ ശബരിമല ക്ഷേത്രത്തിൽ നടന്നതായി ആരോപിക്കപ്പെടുന്ന സ്വർണ്ണ മോഷണത്തിൽ ഉത്തരവാദികളെ ജയിലിലടയ്‌ക്കുമെന്നും സിബിഐയെ കേസന്വേഷണം ഏൽപ്പിക്കുമെന്നും കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ പറഞ്ഞു. ഈ വിഷയത്തിൽ എൽഡിഎഫും യുഡിഎഫും നടപടിയെടുക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്ത് ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) അധികാരത്തിൽ വന്നാൽ, കുറ്റവാളികളെ രണ്ട് മാസത്തിനുള്ളിൽ ജയിലിലടയ്‌ക്കും. അന്വേഷണം കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ കൈമാറുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
എൻഡിഎ സർക്കാർ സംസ്ഥാനത്തെ ഓരോ സ്ത്രീക്കും പ്രതിമാസം 2,500 രൂപ നൽകുമെന്നും ഷാ പറഞ്ഞു. കേരളത്തിലെ ആദ്യത്തെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) രണ്ട് വർഷത്തിനുള്ളിൽ പ്രവർത്തനക്ഷമമാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
എൻഡിഎ സർക്കാർ രൂപീകരിച്ചാൽ ഓണത്തിനും ക്രിസ്മസിനും പ്രതിവർഷം രണ്ട് സൗജന്യ എൽപിജി സിലിണ്ടറുകൾ വീടുകളിൽ എത്തിക്കുമെന്ന് അമിത് ഷാ വാഗ്ദാനം ചെയ്തു.
പെട്രോൾ വില വർദ്ധനവിനെക്കുറിച്ച് കള്ളം പ്രചരിപ്പിച്ചതിന് രാഹുൽ ഗാന്ധിയെ ഷാ വിമർശിച്ചു. ‘രാഹുൽ ഗാന്ധിജിയെ പോലെ ഒരു നുണയനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. കേരളത്തിൽ, പെട്രോളിന്റെ വില ലിറ്ററിന് 460 രൂപയായി വർദ്ധിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. അദ്ദേഹം പറഞ്ഞത് ശരിയാണ്, പെട്രോൾ വില ലിറ്ററിന് 460 രൂപയായി വർദ്ധിച്ചത് പാകിസ്ഥാനിലാണ്.
ലോകമെമ്പാടും, പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിച്ചു, റേഷനിംഗ് നടപ്പിലാക്കിയിട്ടുണ്ട്. എന്നിരുന്നാലും, ഇവിടെ വില വർദ്ധിപ്പിച്ചിട്ടില്ല, രാജ്യത്ത് റേഷനിംഗ് നടത്തിയിട്ടില്ല. പെട്രോൾ, ഡീസൽ, ഗ്യാസ് എന്നിവ ധാരാളം ലഭ്യമാണ്, അത് സർക്കാരിന്റെ മികച്ച മാനേജ്‌മെന്റാണ്, അമിത് ഷാ പറഞ്ഞു.
















