കാസര്‍ഗോഡ് : മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഷാനവാസ് പാദൂരിനെതിരെ വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷത്ത് ഫര്‍സാന വിദ്വേഷ പ്രചാരണം നടത്തിയെന്ന് പരാതി. മുള്ളേരിയയിലെ യുഡിഎഫ് കുടുംബ യോഗത്തിലാണ് ഫര്‍സാന വിദ്വേഷ പരാമര്‍ശം നടത്തിയത്. പ്രസംഗത്തില്‍ കപട വിശ്വാസി എന്ന അര്‍ത്ഥമുളള ‘മുനാഫിഖ് ‘ എന്ന വാക്കാണ് ഇവര്‍ ഉപയോഗിച്ചത്.
ഉച്ചയ്‌ക്ക് ഒരു കൊടിയും വൈകിട്ട് മറ്റൊരു കൊടിയും പിടിക്കുന്നയാളാണ് ഷാനവാസ് പാദൂര്‍. മുനാഫിഖിന്റെ പണിയെടുത്തുകൊണ്ട് വോട്ടഭ്യര്‍ത്ഥിക്കാന്‍ വരികയാണ്.മുഖ്യമന്ത്രി പറയുന്നത് പോലെ നമുക്ക് പറയാനുണ്ട് കടക്ക് പുറത്തെന്ന്- ആയിഷത്ത് ഫര്‍സാന പറഞ്ഞു.
ഐ യു എം എല്‍ സ്ഥാനാര്‍ഥി കല്ലട്ര മാഹിനും വേണ്ടി വിവിധ പ്രദേശങ്ങളില്‍ നടത്തിയ കുടുംബയോഗത്തിലെ പ്രസംഗത്തിനിടെയാണ് പരാമര്‍ശമുണ്ടായത്. ഈ പ്രസംഗം നാട്ടില്‍ സാമുദായിക ധ്രുവികരണത്തിനും മതസ്പര്‍ദ്ധ വളര്‍ത്തുന്നതിനും ലക്ഷ്യമിട്ടാണ്. മുനാഫിക് എന്ന അറബി വാക്ക് മനപ്പൂര്‍വം സ്ഥാനാര്‍ത്ഥിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നതിനാണ് ഉപയോഗിച്ചതെന്നാണ് പരാതി. തിരെഞ്ഞെടുപ്പില്‍ വോട്ടിനായി സമൂഹത്തില്‍ മതസ്പര്‍ദ്ദ ഉണ്ടാക്കുകയും സ്ഥാനാര്‍ഥിയെ വ്യക്തിഹത്യ നടത്തുകയും ചെയ്ത ആയിഷത്ത് ഫര്‍സാനയ്‌ക്കെതിരെയും കല്ലട്ര മാഹിനെതിരെയും നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് എല്‍ഡിഎഫ് പരാതി നല്‍കി.
















