പാലക്കാട്: ദലിത് യുവതിയെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വത്സന് പീഢിപ്പിച്ചത് തികച്ചും വ്യക്തിപരമായ കാര്യമാണെന്ന് പറഞ്ഞ് രമേഷ് പിഷാരടി തള്ളിക്കളയുമ്പോഴും ദേശീയ വനിതാകമ്മീഷന് ഈ കേസില്‍ ഇടപെടാനെത്തുകയാണ്. ദളിത് പെണ്‍കുട്ടിയെ പീഢിപ്പിച്ച കേസ് ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയ വനിതാ കമ്മീഷൻ എത്തുന്നത്. ഇക്കാര്യത്തില്‍ കമ്മീഷന് ഡിജിപിയോട് റിപ്പോർട്ട് തേടിയിരിക്കുകയാണ്.
ബിജെപി ഭരിയ്ക്കുന്ന സംസ്ഥാനങ്ങളില്‍ ഏത് സ്ത്രീപീഢനക്കേസുണ്ടായാലും മാധ്യമശ്രദ്ധപിടിക്കാന് എത്തുന്ന രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പക്ഷെ പാലക്കാട്ടേക്ക് എത്തിയില്ല. കാരണം അവരുടെ പ്രിയപ്പെട്ട ഷാഫി പറമ്പിലിന്റെ ശിഷ്യനായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ശിഷ്യനായ പ്രശോഭ് വത്സനെതിരെയാണ് ആരോപണമെന്നതിനാലാണ് രാഹുലും പ്രിയങ്കയും ഈ വഴിക്ക് വരാത്തത്.
പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദേശീയ വനിതാ കമ്മീഷന്റെ ഈ നീക്കം. ജോലി വാഗ്ദാനം നൽകി പ്രശോഭ് തന്നെ പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതി ആരോപിക്കുന്നു. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ ശേഷം ഇത് കാട്ടി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു പ്രശോഭ് വത്സന്. എംഎൽഎമാർക്കും എംപിമാർക്കും ഒപ്പമുള്ള ചിത്രങ്ങൾ കാണിച്ച് തന്റെ രാഷ്ട്രീയ സ്വാധീനം പറഞ്ഞ് ഭയപ്പെടുത്തിയതായും പരാതിയിലുണ്ട്. പീഡനത്തെത്തുടർന്ന് ഗർഭിണിയായപ്പോൾ പ്രശോഭ് ഗർഭച്ഛിദ്രത്തിനുള്ള മരുന്നുകൾ നൽകി നിർബന്ധിച്ചതായും യുവതി വെളിപ്പെടുത്തി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യദിവസങ്ങളില്‍ രമേഷ് പിഷാരടിയ്ക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാന്‍ പ്രശോഭ് വത്സനുമുണ്ടായിരുന്നു. പക്ഷെ പെണ്‍കുട്ടി പരാതിപ്പെട്ടതോടെ ഒളിവില്‍ പോയി. എന്നിട്ടും ഈ കേസിനെക്കുറിച്ച് ചോദിച്ചപ്പോള്‍ രമേഷ് പിഷാരടി മാധ്യമങ്ങള്‍ക്ക് നല്കിയ മറുപടി ഈ കേസ് തികച്ചും വ്യക്തിപരമാണെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാടിനൊപ്പമാണെന്നുമാണ്.
.
യുവതിയുടെ പരാതിയിൽ പോലീസ് കേസെടുക്കുകയും കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രശോഭ് വത്സൻ നിലവിൽ മണ്ണാർക്കാട് എസ്.സി, എസ്.ടി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്.
















