പത്തനംതിട്ട: ആറന്മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും ആരോഗ്യമന്ത്രിയുമായ വീണാ ജോര്‍ജിനെതിരായ സൈബര്‍ ആക്രമണത്തില്‍ സിപിഎം പരാതി നല്‍കി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടര്‍ക്കുമാണ് പരാതി നല്‍കിയത്.
വീണാ ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള സിപിഎം നേതാവ് ഓമല്ലൂര്‍ ശങ്കരനാണ് പരാതി നല്‍കിയത്.തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായ സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ക്ക് താഴെ അസഭ്യമായ കമന്റുകള്‍ ഇടുന്നു. മന്ത്രി വീണാ ജോര്‍ജ് തന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി വോട്ട് അഭ്യര്‍ത്ഥിക്കുമ്പോള്‍, അതിനെ രാഷ്‌ട്രീയമായി നേരിടുന്നതിന് പകരം വ്യക്തിഹത്യ നടത്താനാണ് ശ്രമിക്കുന്നത്. വയനാട് ഫണ്ട്, യൂത്ത് കോണ്‍ഗ്രസ് ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാത്തതിനാലാണ് ഇത്തരത്തില്‍ തരംതാണ സൈബര്‍ ആക്രമണങ്ങളിലേക്ക് കടക്കുന്നതെന്നും ഓമല്ലൂര്‍ ശങ്കരന്‍ ആരോപിച്ചു.
ഒരു വനിതാ മന്ത്രിയെ ഇത്രമാത്രം അധഃപ്പതിച്ച രീതിയില്‍ സൈബര്‍ ആക്രമണം നടത്തുന്നത് അംഗീകരിക്കാനാവില്ല. ഇത് പ്രതിപക്ഷ നേതാവിന്റെയോ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അബിന്‍ വര്‍ക്കിയുടെയോ നിര്‍ദ്ദേശപ്രകാരമാണോ എന്ന് അറിയണമെന്നും ഓമല്ലൂര്‍ ശങ്കരന്‍ ആവശ്യപ്പെട്ടു.
















