തിരുവനന്തപുരത്തും: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച കേരളത്തില്‍ എത്തും. തിരുവല്ലയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ അര ലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ് പറഞ്ഞു. തിരുവനന്തപുരത്ത് റോഡ് ഷോ നടത്തും.
നിര്‍മ്മല സീതാരാമന്‍, നിതിന്‍ ഗഡ്കരി , നിതിന്‍ നബീന്‍, രാജ്‌നാഥ് സിംഗ്, എസ് ജയശങ്കര്‍ തുടങ്ങി ദേശീയ നേതാക്കള്‍ പ്രചാരണത്തിനായി കേരളത്തിലെത്തും.എന്‍ഡിഎ തികഞ്ഞ ആത്മവിശ്വാസത്തില്‍ ആണ്. എന്‍ ഡി എ സഖ്യത്തിന് രണ്ടക്ക സംഖ്യയില്‍ എം എല്‍ എമാരെ ലഭിക്കും. കേരളത്തിലേത് ഇടതിനോ വലതിനോ ഭൂരിപക്ഷമില്ലാത്ത തൂക്ക് നിയമസഭയായിരിക്കും.ഭരണത്തില്‍ എന്‍ ഡി എ നിര്‍ണായകശക്തിയാകും. ഇടതുപക്ഷവും വലതുപക്ഷവും വര്‍ഗീയവാദ പക്ഷമായി അധപ്പതിച്ചു. മതമൗലികവാദികളുടെ മുദ്രാവാക്യമുയര്‍ത്തി കേരളത്തിന്റെ ഭാവി തുലയ്‌ക്കാന്‍ നില്‍ക്കുകയാണ് ഇരുമുന്നണികളുമെന്ന് സുരേഷ് കുറ്റപ്പെടുത്തി.
വികസനമാണ് എന്‍ ഡി എ മുദ്രാവാക്യം.50 ശതമാനത്തിലേറെ ലേറെ മണ്ഡലങ്ങളില്‍ ത്രികോണ മത്സരം നടക്കുന്നു. ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും പ്രാമുഖ്യം ഈ തിരഞ്ഞെടുപ്പോടെ അവസാനിക്കും. നേമത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഇടതുമുന്നണി ശ്രമിക്കുന്നു.അപരനെ ഇറക്കാന്‍ ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ശ്രമം നടന്നു.പോളിംഗ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലും ശിവന്‍കുട്ടി ഇടപെട്ടെന്ന് സുരേഷ് കുറ്റപ്പെടുത്തി.
തിരുവനന്തപുരം നഗരത്തില്‍ ബി ജെ പി കൗണ്‍സിലര്‍മാര്‍ ജയിച്ച 51 വാര്‍ഡുകളില്‍ സര്‍ക്കാര്‍ കുടിവെള്ളം മുടക്കുന്നു.ബി ജെ പിയെ കരിവാരിത്തേക്കുന്നതിനുള്ള ശ്രമമാണിത്. വിഷയത്തില്‍ അടിയന്തരമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണം. അങ്ങേയറ്റം നീചവും ദൗര്‍ഭാഗ്യകരവുമായ സംഭവമാണിത്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വാട്ടര്‍ അതോറിറ്റിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയന്ത്രിക്കണം. ഇത്തവണ എന്‍ ഡി എ കേരളത്തിലെ ഭരണകൂടത്തെ നിയന്ത്രിക്കാന്‍ കഴിയുന്ന ശക്തിയാവും. ഇടത് മുന്നണി എസ് ഡി പി ഐ യുടെ മുദ്രാവാക്യം ഉയര്‍ത്തുന്നു.വിഡി സതീശന്റേത് ജമാഅത്ത് ഇസ്ലാമിയുടെ മുദ്രാവാക്യമാണെന്ന് അഡ്വ. സുരേഷ് പറഞ്ഞു.
















