നിങ്ങളുടെ പുരയിടത്തില്‍ ചന്ദന മരമുണ്ടെങ്കില്‍ ഇനി വെട്ടി വിറ്റ് പണമാക്കാം. സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വനം വകുപ്പ് മുഖേന വില്‍പന നടത്താന്‍ അനുവദിക്കുന്ന 2025ലെ കേരള വന (ഭേദഗതി) ബില്‍ 2026 ഫെബ്രുവരി 9നാണ് നിയമമായത്. ഇതോടെ മുറിച്ച് വില്‍ക്കുന്ന ചന്ദനമരത്തിന്റെ വില ഭൂഉടമയ്‌ക്ക് ലഭിക്കും. ചന്ദനമരത്തിന്റെ പ്രായം നോക്കാതെ വനം വകുപ്പ് അനുമതിയോടെ ഉടമയ്‌ക്ക് ഇനി മുറിച്ചു വിൽപന നടത്താമെന്നതും പ്രത്യേകതയാണ്. എന്നാൽ, പട്ടയ ഭൂമിയിലെ ചന്ദനമരങ്ങൾ മുറിക്കാൻ ബില്ലിൽ വ്യവസ്ഥയില്ല
സംസ്ഥാനത്തെ ഭൂ ഉടമകള്‍ക്ക് അവരുടെ ഭൂമിയിലുള്ള ചന്ദനമരം മുറിച്ചു വില്‍പന നടത്താന്‍ ഇതുവരെ അധികാരമില്ലായിരുന്നു. സ്വന്തം ഭൂമിയില്‍ നിന്നും ചന്ദനമരം മോഷണം പോയാലും സ്ഥല ഉടമയ്‌ക്കെതിരെ കേസ് എടുത്തിരുന്നു. ഉണങ്ങിയതും അപകടകരമായതുമായ ചന്ദന മരങ്ങളും വീട് വയ്‌ക്കുന്ന സ്ഥലത്തുള്ള മരങ്ങളും ഒരു സമിതി പരിശോധിച്ച് ശുപാര്‍ശ ചെയ്താല്‍ മാത്രം മുറിക്കാന്‍ അനുവാദം നല്‍കാം എന്നായിരുന്നു മുന്‍വ്യവസ്ഥ. പുതിയ നിയമം പ്രാബല്യത്തിലായതോടെ കര്‍ഷകര്‍ക്കു മികച്ച അവസരമാണു തുറന്നുകിട്ടുന്നത്.
കേരളത്തിലെ ഭൂപ്രകൃതിയും കാലാവസ്ഥയും ചന്ദനക്കൃഷിക്ക് അനുയോജ്യമാണ്. നല്ല നീർവാർച്ചയുള്ള, മണൽ കലർന്ന പശിമരാശി മണ്ണാണ് അനുയോജ്യം. മണ്ണിന്റെ പിഎച്ച് മൂല്യം 6.0 മുതൽ 7.5 വരെ ആയിരിക്കണം. ചന്ദനമരങ്ങളുടെ ആരോഗ്യകരമായ വളർച്ചയ്‌ക്കു മതിയായ സൂര്യപ്രകാശം നിർണായകമാണ്. ദിവസവും കുറഞ്ഞത് 6 മുതൽ 8 മണിക്കൂർ വരെ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്നത് നല്ലത്
ആദ്യ 7-8 വർഷം വരെ സാവധാനമാണു ചന്ദനമരങ്ങളുടെ വളർച്ച. പൂർണവളർച്ചയെത്തണമെങ്കിൽ 15–30 വർഷം വരെയെടുക്കും. അനുയോജ്യമായ കാലാവസ്ഥയിൽ 10 വർഷമാകുമ്പോഴേക്കു കാതൽ രൂപപ്പെട്ടു തുടങ്ങും. 50 സെന്റിമീറ്റർ ചുറ്റളവുള്ള മരമാണു പൂർണവളർച്ചയെത്തിയതായി കണക്കാക്കുന്നത്
15 വർഷം വളർച്ചയുള്ള ചന്ദനത്തിന്റെ കാതലുള്ള തടിക്കും വേരിനുമായി ചുരുങ്ങിയത് 20 കിലോ തൂക്കം വരും. ബാക്കിയുള്ള വെള്ള, തോൽ, ശിഖരങ്ങൾ എന്നിവയ്‌ക്കും വിലയുണ്ട്. ഒന്നാം ക്ലാസ് ഗുണനിലവാരമുള്ള ചന്ദനത്തിന്റെ കാതലും വേരും സ്വാഭാവികമായി ഉണങ്ങാൻ അനുവദിക്കും. 6 മാസം വരെ ഇതിനു വേണ്ടിവരും. ഇത്തരത്തിൽ തയാറാക്കിയ ചന്ദനമരം ലേലത്തിൽ വിൽക്കുമ്പോൾ കിലോഗ്രാമിന് 16,000 മുതൽ 20,000 രൂപ വരെ ലഭിക്കുന്നുണ്ട്. ഇങ്ങനെ കണക്കു കൂട്ടിയാൽ ഒരു മരത്തിന് ഏകദേശം 3 ലക്ഷമോ അതിൽ കൂടുതലോ ലഭിക്കും, അതായത് 30 മരം നടാനായാൽ 15 വർഷം കഴിഞ്ഞാൽ 1 കോടി രൂപ വരെ വരുമാനം ലഭിക്കും.
















