ഡല്‍ഹി: ആം ആദ്മി പാർട്ടിയില്‍(എഎപി) ആഭ്യന്തര തർക്കങ്ങള്‍ രൂക്ഷമാകുന്നതിന്റെ സൂചനകള്‍ നല്‍കി മുതിർന്ന നേതാവ് രാഘവ് ചദ്ദയെ രാജ്യസഭയിലെ പാർട്ടി ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കി. പകരം അശോക് മിത്തലിനെ പുതിയ ഡെപ്യൂട്ടി ലീഡറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ സെക്രട്ടേറിയറ്റിന് എഎപി കത്ത് നല്‍കി.
രാഘവിന് പകരം പഞ്ചാബില്‍നിന്നുള്ള എംപി അശോക് മിത്തലിനെ രാജ്യസഭ ഉപ നേതാവ് ആക്കണമെന്നും കത്തില്‍ പറയുന്നു. ആം ആദ്മി പാർട്ടിയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി രാജ്യസഭയില്‍ രാഘവ് ഛദ്ദയ്‌ക്ക് സംസാരിക്കാൻ സമയം നല്‍കേണ്ടതില്ലെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ആം ആദ്മി പാർട്ടിയുടെ പഞ്ചാബില്‍നിന്നുള്ള എംപിയാണ് രാഘവ്. നിലവില്‍ രാജ്യസഭയില്‍ എഎപിക്ക് പത്ത് എംപിമാരാണുള്ളത്. ഇതില്‍ ഏഴുപേർ പഞ്ചാബില്‍നിന്നും മൂന്നുപേർ ഡല്‍ഹിയില്‍നിന്നുമാണ്.
ആം ആദ്മി പാർട്ടിയുടെ തുടക്കം മുതല്‍ തന്നെ പാർട്ടിയില്‍ സജീവമായ ആളാണ് രാഘവ് ഛദ്ദ. 2023 മുതല്‍ എഎപിയുടെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ ആയിരുന്നു രാഘവ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ താരപ്രചാരകരുടെ പട്ടികയില്‍നിന്ന് കഴിഞ്ഞദിവസം രാഘവ് ഛദ്ദയെ എഎപി നീക്കംചെയ്തിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി എഎപി നേതൃത്വവും രാഘവുമായി അത്ര നല്ല ബന്ധത്തിലല്ലെന്നാണ് വിവരം.
ഡല്‍ഹി മദ്യനയക്കേസില്‍ അരവിന്ദ് കെജ്‌രിവാളിനെയും മനീഷ് സിസോദിയയെയും കുറ്റവിമുക്തരാക്കിയ വേളയില്‍ സാമൂഹികമാധ്യമങ്ങളിലൂടെയോ പ്രസ്താവനയിലൂടെയോ രാഘവ് പ്രതികരിച്ചിരുന്നില്ല. അന്നത്തെ രാഘവിന്റെ മൗനം ചില ചർച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു.
മാത്രമല്ല, പാർട്ടിയുടെ പ്രധാനപ്പെട്ട ചില പരിപാടികളിലും അദ്ദേഹത്തിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. 2012ല്‍ ദില്ലി ലോക്പാല്‍ ബില്ലില്‍ അരവിന്ദ് കെജ്‌രിവാളിനൊപ്പം പ്രവർത്തിച്ചുകൊണ്ടാണ് അദ്ദേഹം കരിയർ ആരംഭിച്ചത്. ചാർട്ടേഡ് അക്കൗണ്ടന്റ് ആയിരുന്ന ഇദ്ദേഹം പാർട്ടിയുടെ നാഷണല്‍ ട്രഷററും രാഷ്‌ട്രീയകാര്യസമിതി അംഗവുമായിരുന്നു.












