കഴക്കൂട്ടം: ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ കരിനിഴലില്‍ നില്‍ക്കുന്ന കടകം പള്ളിയെ മലര്‍ത്തിയടിച്ച് ഇത്തവണ ബിജെപിയുടെ വി. മുരളീധരന്‍ സീറ്റുറപ്പിച്ചേക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രവചനങ്ങള്‍.
2021ല്‍ ശോഭാ സുരേന്ദ്രനെ 23000ല്‍പരം വോട്ടുകള്‍ക്കാണ് കടകം പള്ളി തോല്‍പിച്ചത്. അന്ന് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായി. ശോഭ സുരേന്ദ്രന്‍ 40000 വോട്ടുകള്‍ പിടിച്ചപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് 34000 വോട്ടുകള്‍ മാത്രമാണ്. 2016ലെ തെരഞ്ഞെടുപ്പില്‍ വി. മുരളീധരനെ കടകംപള്ളി സുരേന്ദ്രന്‍ 7347 വോട്ടുകള്‍ക്കാണ് മുരളീധരനെ തോല്‍പിച്ചത്. അന്ന് മുതല്‍ രണ്ടാം സ്ഥാനത്തേക്ക് ഈ മണ്ഡലത്തില്‍ ബിജെപി ഉയര്‍ന്നുവന്നു. പക്ഷെ തുടര്‍ച്ചയായി രണ്ട് തവണ ജയിച്ച കടകംപള്ളി സുരേന്ദ്രന് പക്ഷെ ഇക്കുറി ജയം അന്യമാവുമെന്നാണ് അവസാനവട്ട വിലയിരുത്തലുകള്‍ പറത്തുവരുന്നത്. മാതൃഭൂമി പത്രം നടത്തിയ സര്‍വ്വേയില്‍ കഴക്കൂട്ടത്ത് ഇഞ്ചോടിഞ്ച് പോരാട്ടം എന്ന് പറയുമ്പോള്‍ മലയാളമനോരമ-സിവോട്ടര്‍ സര്‍വ്വേ വി. മുരളീധരന് മുന്‍തൂക്കം പ്രവചിക്കുന്നു. രണ്ടു ശതമാനം കൂടുതല്‍ വോട്ടുകള്‍ കടകം പള്ളിയേക്കാള്‍ വി. മുരളീധരന്‍ നേടുമെന്നാണ് സൂചന. കടകംപള്ളി സുരേന്ദ്രന്‍ വിരുദ്ധവികാരവും ഭരണവിരുദ്ധവികാരവും വി. മുരളീധരനില്‍ ഏകീകരിക്കപ്പെടുമെന്നാണ് പ്രവചനം. കേന്ദ്രമന്ത്രിയായതുമുതല്‍ അവിടെ വീടുവാങ്ങി താമസിച്ച് ഓരോ വീട്ടിലേയും അംഗങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിവരികയാണ് മുരളീധന്‍. അതിന്റെ ഫലമാണ് ഇപ്പോള്‍ ലഭിക്കുകയെന്നും സര്‍വ്വേകള്‍ സൂചിപ്പിക്കുന്നു.
എന്താണ് 23000ല്‍പരം വോട്ടുകള്‍ക്ക് അഞ്ച് വര്‍ഷം മുന്‍പ് ജയിച്ച കടകംപള്ളിയ്‌ക്ക് വിജയം കീറാമുട്ടിയാകുന്നത്? ഇതിന് കാരണം ശബരിമല സ്വര്‍ണ്ണക്കൊള്ള തന്നെ. കടകംപള്ളി ഇക്കഴിഞ്ഞ രണ്ടാം പിണറായി മന്ത്രിസഭയില്‍ മന്ത്രിയായിരുന്നില്ല. പക്ഷെ 2016ല്‍ ഒന്നാം പിണറായി മന്ത്രിസഭയില്‍ ദേവസ്വം മന്ത്രിയായിരുന്ന കാലത്താണ് ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള നടന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയും കടകം പള്ളിയും ഒന്നിച്ച് നില്‍ക്കുന്ന നിരവധി ഫോട്ടോകള്‍ പുറത്തുവന്നിരുന്നു. ഇതോടെയാണ് സ്വര്‍ണ്ണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കും പങ്കുണ്ടെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്.
ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിലെ മുന്നേറ്റമാണ് വി. മുരളീധരന് മറ്റൊരു പ്രതീക്ഷ പകരുന്നത്. 28 കോര്‍പറേഷന്‍ വാര്‍ഡുകളുള്ള കഴക്കുട്ടത്ത് 14ലും ബിജെപിയാണ് വിജയിച്ചത്. ബിജെപി ഈ മണ്ഡലത്തില്‍ വന്‍മുന്നേറ്റമാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ നടത്തിയിരിക്കുന്നത്. പ്രധാനമായും സിപിഎം കുടുംബങ്ങളാണ് ബിജെപിയിലേക്ക് കടന്നുവരുന്നത്.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ ജയിച്ചെങ്കിലും കഴക്കൂട്ടത്ത് രണ്ടാം സ്ഥാനം ബിജെപിയ്‌ക്കായിരുന്നു. സിപിഎം മൂന്നാമതായിരുന്നു. ഇതെല്ലാം മാറുന്ന കഴക്കൂട്ടത്തിന്റെ മുഖം കാണിച്ചുതരുന്നു. പിന്നെ മുരളീധരന്‍ ശക്തമായ വികസന അജണ്ടയാണ് കഴക്കൂട്ടത് അവതരിപ്പിച്ചിരിക്കുന്നത്. വിജയിച്ചു കഴിഞ്ഞാല്‍ കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് വന്‍വികസനപദ്ധതികള്‍ കൊണ്ടുവരുമെന്ന് അദ്ദേഹം പറയുന്നു.
കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കുന്ന ടി. ശരത് ചന്ദ്രപ്രസാദ്. കഴിഞ്ഞ വര്‍ഷം ഡോ.ലാല്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അത്രയ്‌ക്ക് ശരത് ചന്ദ്രപ്രസാദിന് ആകുമോ എന്ന് സംശയമാണ്. എന്തായാലും പ്രധാനമത്സരം കടകം പള്ളിയും മുരളീധരനും തമ്മിലാണ്.
















