തിരുവനന്തപുരം : ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു . ഈസ്റ്ററിന് മുമ്പുള്ള വ്യാഴാഴ്ച ആഘോഷിക്കുന്ന ഈ പെസഹ തിരുനാൾ, വിശുദ്ധവാരത്തിലെ ഒരു പ്രധാന ദിവസമാണ്. യേശു തന്റെ ശിഷ്യന്മാരുടെ ഒപ്പം അവസാനമായി പങ്കെടുത്ത പെസഹാ ആഘോഷത്തിന്റെയും അദ്ദേഹം കഴിച്ച അവസാനത്തെ അത്താഴത്തിന്റെയും ഓർമ്മ പുതുക്കലായാണ് ഈ ദിനം ആചരിക്കപ്പെടുന്നത്.
എല്ലാ ക്രിസ്തീയ ദേവാലയങ്ങളിലും ഇന്ന് വൈകീട്ട് തിരുവത്താഴ ദിവ്യബലിയും കാൽകഴുകൽ ശുശ്രൂഷാച്ചടങ്ങും ഉണ്ടായിരിക്കും.അന്ത്യ അത്താഴ വേളയില്‍ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ക്രിസ്തു വിനയത്തിന്റെ മാതൃക ലോകത്തിന് കാട്ടി കൊടുത്തതിനെ അനുസ്മരിച്ചാണ് ദേവാലയങ്ങളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷ നടത്തുന്നത്. രാത്രി 8 മുതൽ 12 വരെ പരിശുദ്ധ കുർബാനയുടെ ആരാധന.തുടര്‍ന്ന് വീടുകളിൽ പെസഹ അപ്പം മുറിക്കല്‍ നടക്കും.
ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കോട്ടയം പാമ്പാടി ദയറായിൽ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും.
കാൽവരിക്കുന്നിൽ യേശു കുരിശുമരണം വരിച്ചതിന്റെ അനുസ്മരണത്തിന് നാളെ (ഏപ്രിൽ 3 ) ദുഃഖവെള്ളി ആചരിക്കും.യേശുദേവൻ ഉയിർത്തെഴുന്നേറ്റതിന്റെ ആഘോഷമായി ഞായറാഴ്ചയാണ് ഈസ്റ്റർ വെള്ളിയാഴ്ച രാവിലെ എല്ലാ പട്ടണങ്ങളിലും വിവിധ സഭാ വിശ്വാസികൾ കുരിശുംപേറി കുരിശിന്റെ വഴി നടത്തും.
തിരുവനന്തപുരത്ത് ലത്തീൻ, സിറോ മലബാർ, മലങ്കര കത്തോലിക്ക, ക്‌നാനായ സഭകളുടെ നേതൃത്വത്തിൽ പാളയം സെയ്ന്റ് ജോസഫ്‌സ് കത്തീഡ്രലിൽനിന്നാണ് കുരിശിന്റെ വഴി ആരംഭിക്കുന്നത്. പീഡാസഹനാനുസ്മരണം, ദൈവവചന പ്രഘോഷണം, കുരിശാരാധന, വൈകീട്ട് പീഡാനുഭവ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം. തുടർന്ന് തിരുസ്വരൂപ വണക്കം എന്നിവയാണ് ദുഃഖവെള്ളിയുടെ ചടങ്ങുകൾ.
ശനിയാഴ്ച പെഹസാ ജാഗരം, പുത്തൻതിരിയും വെള്ളവും ആശിർവദിക്കൽ എന്നിവയുണ്ടാകും.
ഞായറാഴ്ച പുലർച്ചെ ഈസ്റ്റർ ശുശ്രൂഷകളും ദിവ്യബലിയും ഉണ്ടാകും. ഈസ്റ്റർ ശുശ്രൂഷകൾക്ക് പാളയം സെയ്ന്റ് ജോസഫ്‌സ് മെട്രോ പൊളിറ്റൻ കത്തീഡ്രലിൽ ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയും പട്ടം സെയ്ന്റ് മേരീസ് മേജർ കത്തീഡ്രലിൽ ശുശ്രൂഷയ്‌ക്ക് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും കാർമികത്വം വഹിക്കും.
പി.എം.ജി. ലൂർദ് ഫൊറോന പള്ളിയിൽ വികാരി ഫാ. ജോൺ തെക്കേക്കര കാർമികനാകും.














