ഫ്ലോറിഡ: ചന്ദ്രനിലേക്കുള്ള നാസയുടെ ആർട്ടെമിസ് 2 ദൗത്യം വിക്ഷേപിച്ചു. ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് പുലര്‍ച്ചെ 3.45നായിരുന്നു വിക്ഷേപണം. പേടകം ചന്ദ്രനില്‍ ഇറങ്ങുന്നതിന് പകരം ചന്ദ്രനെ ചുറ്റി പഠനം നടത്തും. 54 വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യനെ ചന്ദ്രനുചുറ്റും എത്തിക്കാൻ നാസ നടത്തുന്ന ചരിത്രപരമായ ദൗത്യമാണ് ആർട്ടിമിസ് 2. നാല് പേരെ വഹിച്ച് എസ്എൽഎസ് റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് കുതിച്ചുയർന്നത്.

നാല് ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെട്ട സംഘമാണ് ആര്‍ട്ടെമിസ് 2 ദൗത്യം നയിക്കുന്നത്. നാസയുടെ റീഡ് വൈസ്മാന് (കമാന്‍ഡര്‍), വിക്ടര്‍ ഗ്ലോവര്‍ (മിഷന് പൈലറ്റ്), ക്രിസ്റ്റീന കോച്ച് (മിഷന് സ്പെഷ്യലിസ്റ്റ്), കാനഡയുടെ ജെറെമി ഹാന്‍സണ്‍ (മിഷന് സ്പെഷ്യലിസ്റ്റ്) എന്നിവരാണ് സഞ്ചാരികള്‍. ഇതോടെ ചന്ദ്രന്റെ പരിസരത്തേയ്ക്ക് യത്ര ചെയ്യുന്ന ആദ്യ വനിതയായി ക്രിസ്റ്റീന കോച്ച് മാറി. ഹാന്സന് ചാന്ദ്രദൗത്യത്തില്‍ പങ്കാളിയാകുന്ന ആദ്യത്തെ അമേരിക്കക്കാരനല്ലാത്ത വ്യക്തിയുമായി. ഫ്ളൈബൈ ദൗത്യമായതിനാല്‍ സഞ്ചാരികളാരും ചന്ദ്രനില്‍ ഇറങ്ങില്ല. ഏപ്രില്‍ പത്തോടെ സംഘം തിരിച്ചെത്തും.
ഏകദേശം 22 ലക്ഷം കിലോമീറ്റർ ആർട്ടെമിസ് 2 സംഘം യാത്ര ചെയ്യും. ഓറിയൺ പേടകത്തിലുള്ള പ്രത്യേക ഭക്ഷണമാണ് യാത്രികർ കഴിക്കുക. ആവശ്യത്തിനു വെള്ളവും ഓക്സിജനും പേടകത്തിൽ സംഭരിച്ചിട്ടുണ്ട്. യാത്രികർക്കായി നാല് സ്വകാര്യ അറകളും പൊതുവായി ഒരു ചെറിയ ശുചിമുറിയും പേടകത്തിലുണ്ട്.
നാസയുടെ എസ്.എല്‍.എസ് റോക്കറ്റും ഓറിയോണ്‍ പേടകവും ഉപയോഗിച്ചുള്ള ആദ്യത്തെ മനുഷ്യസഹിത ദൗത്യമാണ് ആര്‍ട്ടെമിസ് II. 2028-ല്‍ ചന്ദ്രനില്‍ ഇറങ്ങാന്‍ ലക്ഷ്യമിടുന്ന ആര്‍ട്ടെമിസ് IV ഉള്‍പ്പെടെയുള്ള ഭാവി ദൗത്യങ്ങള്‍ക്കായി ഈ സംവിധാനങ്ങളെ സജ്ജമാക്കുക എന്നതാണ് ഈ യാത്രയിലൂടെ ബഹിരാകാശയാത്രികര്‍ ലക്ഷ്യമിടുന്നത്.
ദൗത്യം ഫെബ്രുവരിയില്‍ പറന്നുയരാനാണ് ആദ്യംനിശ്ചയിച്ചിരുന്നത്. എന്നാല്‍ ഹൈഡ്രജന്‍ ഇന്ധന ചോര്‍ച്ച കാരണം ദൗത്യം വൈകി. ഈ ചോര്‍ച്ച പരിഹരിച്ചെങ്കിലും പിന്നീട് ഹീലിയം പ്രഷറൈസേഷന്‍ ലൈന്‍ തടസ്സപ്പെട്ടത് കാരണം കഴിഞ്ഞ മാസം അവസാനം റോക്കറ്റ് അറ്റകുറ്റപ്പണികള്‍ക്കായി ഹാങ്ങറിലേക്ക് തിരികെ കൊണ്ടുപോകേണ്ടി വന്നു. അറ്റകുറ്റപ്പണികള്‍ വിജയകരമായി പൂര്‍ത്തിയാക്കി എല്ലാ സംവിധാനങ്ങളും കൃത്യതയോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിദഗ്ധര്‍ സ്ഥിരീകരിച്ചതിന് ശേഷമാണ് SLS റോക്കറ്റ് വിക്ഷേപണ പാഡിലേക്ക് തിരിച്ചെത്തിയത്.
🚨#BREAKING: Watch incredible footage captured from passengers on an airliner above Florida, showing the exact moment the Artemis II mission lifts off carrying four astronauts on its journey around the Moon as they make history pic.twitter.com/hiVPNu9xb2
— R A W S A L E R T S (@rawsalerts) April 1, 2026
1950-കളിലും 60-കളിലും സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മിലുണ്ടായിരുന്ന ശീതയുദ്ധത്തിന്റെ ഭാഗമായാണ് ചന്ദ്രനിലേക്കുള്ള മത്സരങ്ങള്‍ തുടങ്ങിയത്. 1961-ല്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി, പത്ത് വര്‍ഷത്തിനുള്ളില്‍ ഒരു മനുഷ്യനെ ചന്ദ്രനിലിറക്കി സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്ന് പ്രഖ്യാപിച്ചു. തുടര്‍ന്ന് 1969ല്‍ അപ്പോളോ 11 എന്ന പേരിലറിയപ്പെട്ട യു.എസിന്റെ ചാന്ദ്രദൗത്യത്തിന്റെ ഭാഗമായി മനുഷ്യന് ചന്ദ്രനില്‍ കാലുകുത്തി. നീല്‍ ആംസ്ട്രോങ്ങ്, ബസ് ആല്ഡ്രിന് എന്നിവര്‍ ഈ ദൗത്യത്തിലൂടെ ചരിത്രം കുറിച്ചു
1972ലെ അപ്പോളോ 17 ആണ് മനുഷ്യന് അവസാനമായി ചന്ദ്രനിലിറങ്ങിയ ദൗത്യം. അതിന് ശേഷം വര്‍ഷങ്ങളോളം ചാന്ദ്രദൗത്യങ്ങള്‍ നടന്നിരുന്നില്ല. ഒടുവിലാണ് ആര്ട്ടമിസുമായി വീണ്ടും മനുഷ്യനുമായുള്ള ചാന്ദ്രദൗത്യവുമായി യു.എസ് എത്തുന്നത്.
















