ഗുവാഹത്തി: ആസാമില്‍ ശ്രദ്ധേയമായ വികസനം ഉണ്ടായത് ബിജെപി സര്‍ക്കാര്‍ വന്നതിന് ശേഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആസാമില്‍ വന്‍ വികസനമാണ് ഉണ്ടായത്. അതിനാല്‍ തന്നെ സംസ്ഥാനത്തെ ജനങ്ങള്‍ ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തെ വീണ്ടും അനുഗ്രഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗോഗാമുഖില്‍ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആസാമിലെ ജനങ്ങള്‍ വീണ്ടും കോണ്‍ഗ്രസിനെ നിരസിക്കാന്‍ തയ്യാറാണ്. കോണ്‍ഗ്രസിലെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍ഡിഎ സര്‍ക്കാരിനോടുള്ള ജനങ്ങളുടെ വികാരമാണ് വന്‍ ജനപങ്കാളിത്തത്തില്‍ പ്രതിഫലിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം ഇത് തന്റെ ആദ്യത്തെ പൊതുയോഗമാണ്. മൂന്നാം തവണയും തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാണെന്നതിന്റെ തെളിവാണ് ഈ ജനസമുദ്രം. പ്രധാനമന്ത്രിയാകുന്നതില്‍ താന്‍ തന്നെ ഹാട്രിക് നേടിയിട്ടുണ്ടെന്നും ജനങ്ങള്‍ ആസാമില്‍ ബിജെപിക്ക് മറ്റൊരു ഹാട്രിക് വിജയം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത പ്രധാന ക്ഷേമ നടപടികള്‍ പ്രധാനമന്ത്രി യോഗത്തില്‍ വിശദീകരിച്ചു. ആസാമിലെ 15 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി ആവാസ് യോജനയുടെ പ്രയോജനം ലഭിക്കും. ഇതുവരെ ഒരുറപ്പുള്ള വീട് ലഭിക്കാത്ത എല്ലാ കുടുംബങ്ങള്‍ക്കും ഇത് ലഭിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ദരിദ്ര കുടുംബങ്ങള്‍ക്ക് കെജി മുതല്‍ പിജി വരെ സൗജന്യ വിദ്യാഭ്യാസം’ ലഭിക്കുമെന്നും വിദ്യാഭ്യാസ ഉന്നമനത്തിലേക്കുള്ള ഗണ്യമായ മുന്നേറ്റത്തിന് ഊന്നല്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആസാമിലെ ഏകദേശം 3 ലക്ഷം സ്ത്രീകള്‍ ലഖ്പതി ദീദി പദ്ധതിയിലൂടെ ഇതിനകം ‘ലഖ്പതി ബൈദിയോ’ ആയി മാറിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. വരും വര്‍ഷങ്ങളില്‍ ഇത് 40 ലക്ഷം സ്ത്രീകളിലേക്ക് വ്യാപിപ്പിക്കാന്‍ എന്‍ഡിഎ ലക്ഷ്യമിടുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു.
















