കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. എറണാകുളം നോര്‍ത്ത് ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണയോഗം പറവൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജ്‌നാഥ് സിങ്. ശബരിമല സ്വര്‍ണക്കൊള്ള നടത്തിയത് സിപിഎമ്മാണെങ്കില്‍ സ്വര്‍ണം വിറ്റത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന്റെ ഒരു ഉന്നത നേതാവും പ്രതിയുമൊത്തുള്ള ചിത്രം എല്ലാവരും കണ്ടതാണ്. ബിജെപി അധികാരത്തിലെത്തിയാല്‍ സ്വര്‍ണക്കൊള്ള അന്വേഷണം സിബിഐക്ക് വിടും.
ബിജെപി സംസ്ഥാനത്ത് ചരിത്രം സൃഷ്ടിക്കും. 2024ല്‍ സുരേഷ് ഗോപി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചതോടെ ചരിത്രപരമായ യാത്ര തുടങ്ങി. തിരുവനന്തപുരം കോര്‍പറേഷനില്‍ ഭരണത്തിലെത്തി. ഇത്തവണ കേരളത്തില്‍ ബിജെപി ചരിത്ര വിജയം നേടും.
നൂറുകണക്കിന് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ ജീവന്‍ കൊടുത്താണ് കേരളത്തില്‍ പ്രസ്ഥാനം കെട്ടിപ്പടുത്തത്. അതിനുദാഹരണമാണ് സദാനന്ദന്‍ മാസ്റ്ററുടെ ത്യാഗം. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ ജനങ്ങളെ വഞ്ചിക്കുകയാണ്. ചിഹ്നത്തില്‍ മാത്രമാണ് വ്യത്യാസം. ബാര്‍ അഴിമതിയും സോളാര്‍ അഴിമതിയും യുഡിഎഫ് ചെയ്‌തെങ്കില്‍ കെ ഫോണും ലൈഫ് മിഷനും സിഎംആര്‍എല്‍ കള്ളപ്പണം വെളുപ്പിക്കലുമെല്ലാം എല്‍ഡിഎഫ് ചെയ്തതാണ്. മുഖ്യമന്ത്രിയുടെ മകളും ഇതില്‍ ഉള്‍പ്പെടുന്നു. മുനമ്പത്ത് 600 കുടുംബങ്ങളെ രക്ഷിക്കാനുള്ള വഖഫ് ഭേദഗതി നിയമത്തെ എല്‍ഡിഎഫും യുഡിഎഫും ഒരുമിച്ച് എതിര്‍ക്കുകയായിരുന്നു. പിഎഫ്‌ഐയുമായും ജമാഅത്തെ ഇസ്ലാമിയുമായും മാറിമാറി കൈകോര്‍ക്കുന്നവരാണ് ഇരുവരും. പ്രീണന രാഷ്‌ട്രീയത്തില്‍ നിന്നും രക്ഷിക്കാന്‍ ബിജെപി മാത്രമേയുള്ളു, രാജ്‌നാഥ് സിങ് പറഞ്ഞു.
എയിംസ് കേരളത്തില്‍ വരിക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോര്‍ത്ത് ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ എം.എ. ബ്രഹ്‌മരാജ്, വത്സല പ്രസന്നകുമാര്‍, പ്രോമി കുര്യാക്കോസ്, ജിബി പാത്തിക്കല്‍, എം.പി. ബിനു എന്നിവര്‍ പങ്കെടുത്തു. പാര്‍ലമെന്റ് പ്രഭാരി വിഷ്ണുവര്‍ധന്‍ റെഡ്ഡി, ദേശീയ സമിതി അംഗം പി.എം. വേലായുധന്‍, ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്, ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി എ.ബി. ജയപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു. ബിജെപി വക്താവ് കേണല്‍ എസ്. ഡിന്നി രാജ്‌നാഥ് സിങിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി.
















