സെനിക്ക: ഇത് താങ്ങാവുന്നതിലും അപ്പുറം, ലോക ഫുട്‌ബോളില്‍ ഇതിഹാസങ്ങളെ വാര്‍ത്തെടുത്ത കളിത്തട്ടകങ്ങള്‍ നിരവധിയുള്ള ഇറ്റലിക്ക് തുടര്‍ച്ചയായി മൂന്നാം തവണയും ലോകകപ്പന് യോഗ്യത നേടാനായില്ല. ഇന്നലെ നടന്ന പ്ലേഓഫ് ഫൈനലില്‍ ബോസ്‌നിയ ഹെര്‍സെഗോവിനയോട് പരാജയപ്പെട്ടത് ഷൂട്ടൗട്ടില്‍. നിശ്ചിത സമയ മത്സരം 1-1ല്‍ കലാശിച്ചപ്പോള്‍ അധിക സമയത്തിലേക്ക് നീണ്ടുനിന്നിട്ടും സ്‌കോറില്‍ മാറ്റമുണ്ടായില്ല. തലയ്‌ക്ക് മീതെ ഇടിത്തീ പുകയുന്ന സമ്മര്‍ദത്തോടെ ഷൂട്ടൗട്ടിനെത്തിയ ഇറ്റാലിയന്‍ താരങ്ങളില്‍ രണ്ട് പേര്‍ക്ക് പിഴച്ചതോടെ എല്ലാം തീരുമാനമായി. 2014ന് ശേഷം അസൂറികള്‍ ലോകകപ്പിന് കളിക്കില്ലെന്ന് ഉറപ്പായി. ഷൂട്ടൗട്ടില്‍ 4-1നാണ് ഇറ്റലി പരാജയപ്പെട്ടത്.
ആതിഥേയ ആനുകൂല്യം പിന്‍പറ്റി വര്‍ദ്ധിത വീര്യത്തോടെയാണ് ബോസ്‌നിയ ഹെര്‍സെ ഗോവിന പൊരുതിയത്. അതിന്റെ ഇരട്ടി വീര്യത്തോടെ ഇറ്റലിയും പൊരുതി നിന്നു. അതിന്റെ ഫലം 15-ാം മിനിറ്റില്‍ തന്നെ അസൂറികള്‍ക്ക് കിട്ടി. മോയിസ് കീന്‍ നേടിയ ഗോളില്‍ മുന്നിലെത്തി. 41-ാം മിനിറ്റില്‍ കിക്കോഫ് അനുവദിക്കപ്പെട്ട തര്‍ക്കത്തില്‍ പെട്ട് ഒന്നാന്തരം പ്രതിരോധതാരം അലെസാന്ദ്രോ ബസ്‌റ്റോണിയെ ചുവപ്പ് കാര്‍ഡിലൂടെ നഷ്ടപ്പെട്ടതോടെ ഇറ്റലി വിറച്ചു. തുടക്കം മുതല്‍ ബോസ്‌നിയ ഹെര്‍സെഗോവിന തുടങ്ങിവച്ച ആക്രമണത്തിന് പിന്നീട് മൂര്‍ച്ഛയേറി. ഇറ്റാലിയന്‍ വലയ്‌ക്കകത്ത് പന്തെത്താതിരുന്നത് ഭാഗ്യം എന്ന നിലയ്‌ക്കാണ് പിന്നീട് കളി പുരോഗമിച്ചത്. ഒടുവില്‍ 79-ാം മിനിറ്റില്‍ അസൂറിപ്പടയെയും ലോകത്താകമാനമുള്ള ഇറ്റാലിയന്‍ ഫുട്‌ബോള്‍ ആരാധകരെയും ഞെട്ടിച്ച് ഹാരിസ് തബക്കോവിച് ബോസ്‌നിയ ഹെര്‍സെഗോവിനയ്‌ക്ക് സമനില സമ്മാനിച്ചു.
















