പാലക്കാട് : ലൈംഗിക പീഡന പരാതിയില്‍ ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി വത്സന്‍ മണ്ണാര്‍ക്കാട് എസ് സി,എസ് ടി പ്രത്യേക കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചു. നിരപരാധിയാണെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
പാലക്കാട്ടെ അഭിഭാഷകന്‍ മുഖേനയാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്. ജാമ്യാപേക്ഷ ഈ മാസം നാലിന് പ്രത്യേക കോടതി പരിഗണിച്ചേക്കും.
പാലക്കാട് നഗരസഭ 24 -ാം വാര്‍ഡ് കുന്നത്തൂര്‍മേട് നോര്‍ത്തിലെ കൗണ്‍സിലര്‍ ആയ പ്രശോഭ് സി. വത്സനെതിരെ കഴിഞ്ഞ ദിവസമാണ് ദലിത് യുവതി പീഡന പരാതി നല്‍കിയത്.ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്തേക്ക് അതിക്രമിച്ചെത്തി പീഡിപ്പിച്ചെന്നാണ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി. ആരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രശോഭിനെ പ്രാഥമികത്വത്തില്‍ നിന്ന് സസ്പന്‍ഡ് ചെയ്തിരുന്നു.
ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം നിരവധി തവണ പീഡിപ്പിച്ചെന്ന് കാട്ടിയാണ് യുവതി പ്രശോഭിനെതിരെ പരാതി നല്‍കിയത്.പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായെന്നും ഇതറിഞ്ഞപ്പോള്‍ ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും യുവതി പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കും പാലക്കാട് എസ്പിക്കുമാണ് ഇവര്‍ പരാതി നല്‍കിയത്.
















