കൊച്ചി: സംവിധായകൻ രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആളെന്ന് റിമാൻഡ് റിപ്പോർട്ട്. സമാന കൃത്യങ്ങളിൽ മുമ്പും ഉൾപ്പെട്ടയാളെന്നും പ്രതിയുടെ അറസ്റ്റ് അനിവാര്യമെന്നും റിപ്പോർട്ടിൽ പൊലീസ് പറയുന്നു.
ജനുവരി 30നാണ് നടിക്കെതിരെ ലൈംഗികാതിക്രമം നടന്നതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കാരവാനിൽ വെച്ച് രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് പരാതി. സാക്ഷികളുടെ മൊഴിയുടെയും മൊബൈൽ ടവർ അടക്കമുള്ള തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. സാഹചര്യ തെളിവുകൾ രഞ്ജിത്തിന് എതിരെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ഷൂട്ടിങ് സൈറ്റിൽ വെച്ച് അതിക്രമം നേരിട്ട യുവതി കരഞ്ഞുകൊണ്ട് പുറത്തേക്ക് വരികയായിരുന്നെന്നും ഷൂട്ടിങ് സൈറ്റിലുള്ളവർക്ക് ഇക്കാര്യങ്ങൾ അറിയാമെന്നും കമീഷണർ കാളിരാജ് മഹേഷ് പറഞ്ഞു. കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് നടി കടന്നു പോയതെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിന്റെ പ്രചാരണം ഉച്ചസ്ഥായിയിൽ എത്തി നിൽക്കെയാണ് സിനിമാ മേഖലയെ തന്നെ അമ്പരപ്പിച്ച് ഇടതുപക്ഷ സഹയാത്രികനായ സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റ്. സ്ത്രീ സുരക്ഷയ്‌ക്ക് വേണ്ടി നിൽക്കുന്നവർ എന്ന് കാണിക്കാനുള്ള ശ്രമമാണ് അറസ്റ്റെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സിനിമ രംഗത്തെ മികവ് പരിഗണിച്ചാണ് രഞ്ജിത്തിനെ അക്കാദമി ചെയർമാൻ ആക്കിയതെന്നും അതിജീവിതയ്‌ക്ക് ഒപ്പമെന്നും മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. നടപടി നല്ല രീതിയിൽ പോകട്ടെ എന്ന് മുഖ്യമന്ത്രി.
കർമ്മ ആരെയും വെറുതെ വിടില്ലെന്ന് രഞ്ജിത്തിനെതിരായ ആദ്യ കേസിലെ പരാതിക്കാരിയായ ബംഗാളി നടിയുടെ പ്രതികരണം. രഞ്ജിത്തിനെ ഫെഫ്ക്കയിൽ നിന്നും മാറ്റി നിർത്താൻ തീരുമാനിച്ചെന്ന് ബി ഉണ്ണികൃഷ്ണൻ. തിരഞ്ഞെടുപ്പ് കാലത്തുണ്ടായ രഞ്ജിത്തിന്റെ അറസ്റ്റ് കൂടുതൽ ചർച്ചകളിലേക്ക് വഴിവയ്‌ക്കും.
















