തിരുവനന്തപുരം: എസ് ഡിപിഐയുടെ പിന്തുണ ചോദിച്ചു വാങ്ങി വിജയിച്ച മന്ത്രി വി. ശിവൻകുട്ടി സിപിഎമ്മിന്റെ മരമണി മുഴക്കിയെന്ന് പരക്കെ വിമർശനം. പാർട്ടി നേതാക്കളെയും പാർട്ടിയുടെയും അറിവോടെയും സമ്മതത്തോടെയുമായിരുന്നില്ല, എന്നാൽ രഹസ്യമായി ചില നേതാക്കൾ ഉണ്ടാക്കിയ ‘സഖ്യ’മായിരുന്നു സിപിഎം- എസ് ഡിപിഐ ധാരണയെന്നാണ് വെളിവാകുന്നത്.
ദേശാഭിമാനി മുൻ രാഷ്‌ട്രീയകാര്യ ലേഖകൻ നടത്തുന്ന രൂക്ഷ പ്രതികരണമിങ്ങനെ, ഫേസ് ബുക്കിലാണ് ജി. ശക്തിധരന്റെ വിമർശനം:
”സിപിഎമ്മിന്റെ യശ്ശസ് മുഴുവൻ മാപ്പർഹിക്കാത്തവിധം ഇടിച്ചു താഴ്‌ത്തുന്ന മന്ത്രി വി. ശിവൻകുട്ടിയുടെ അപക്വവും വഴിപ്പിഴച്ചതുമായ രാഷ്ടീയം എത്രയും വേഗം തിരുത്തിയില്ലെങ്കിൽ പശ്ചിമബംഗാളിൽ സിൻഗൂരിലും,നന്ദിഗ്രാമിലും, ലാൽ ഗഡിലും സംഭവിച്ചത് കേരളത്തിലും അവർത്തിച്ചു കൂടെന്നില്ല. വീണ്ടെടുക്കാനാവാത്ത പടുകുഴിയിലേക്കാവാം കേരളം നിപതിക്കുന്നത്.
മതേതരവാദിയായി ചമയുന്ന മന്ത്രി വി ശിവൻകുട്ടി നേരിട്ട് ആവശ്യപ്പെട്ടിട്ടാണ് വോട്ട് കൊടുക്കാമെന്നു സമ്മതിച്ചതെന്ന് ഒന്നടങ്കം മാധ്യമങ്ങളും ഇന്ന് വ്യക്തമാക്കി കഴിഞ്ഞു. എസ് ഡി പി ഐ സംസ്ഥാന പ്രസിഡണ്ട് സി.പി.എ. ലത്തീഫ് തന്നെ ഈ സത്യം വിളിച്ചു പറഞ്ഞിട്ടുണ്ട്’ ശക്തിധരൻ എഴുതുന്നു.
‘ശിവൻകുട്ടി ചേർത്ത് പിടിക്കേണ്ടതാണോ ഈ കോമരത്തെ? വിമർശിച്ചാൽ ദൈവ നിന്ദ ആരോപിച്ച് എന്റെയും കൈവെട്ടിക്കൊള്ളാൻ ശിവൻകുട്ടി കൽപ്പിക്കുമോ?
എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥി എം. അഭിമന്യുവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ,തൊടുപുഴ ന്യൂമാൻ കോളജ് പ്രൊഫസർ ടി ജെ ജോസഫിനെ ദൈവനിന്ദ ആരോപിച്ചു കൈവെട്ടി ഇട്ട് പ്രതികാരം ചെയ്ത എസ് ഡി പി ഐ ഭീകര ജന്തുക്കളുടെ രക്തക്കറപുരണ്ട വോട്ട് വാങ്ങാൻ കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ മനുഷ്യ സ്‌നേഹിയായ, സവ്യസാചിയായ പിജി യുടെ മരുമകനായ മന്ത്രി വി. ശിവൻകുട്ടിയുടെ കാലുകൾ എങ്ങിനെയാണ് മുന്നോട്ട് വെച്ചത്? പിജിയുടെ മകൾ ആർ. പാർവതി ദേവി എല്ലാ പെരുമയോടെയും സമൂഹത്തിന്റെ ആദരവ് നേടി ജീവിച്ചിരിക്കുമ്പോൾ മന്ത്രി വി. ശിവൻകുട്ടിക്കു എങ്ങനെ അഭിമന്യുവിനെ അധിക്ഷേപിക്കാൻ കഴിഞ്ഞു? സ്ഥാനമോഹം ഉണ്ടായാൽ ഒരാൾക്ക് ഏതറ്റം വരെ പോകാനാകും?’ ശക്തിധരൻ ചോദിക്കുന്നു.
മന്ത്രി വി. ശിവൻകുട്ടിക്കു ഒരിക്കൽക്കൂടി എം എൽ എ യോ മന്ത്രിയോ ആകണമെന്ന് ആർത്തിയുണ്ടെങ്കിൽ അഹോരാത്രം തെരുവിലിറങ്ങി വിജയിപ്പിക്കാൻ വേണ്ട എത്ര കമ്മ്യൂണിസ്റ്റുകാരെ വേണമെങ്കിലും അണിനിരത്താൻ എന്നെപ്പോലുള്ളവർ റെഡിയാണ്. മുമ്പും പാർട്ടിക്ക് പുറത്താണെങ്കിലും ഞാനത് ചെയ്തിട്ടുണ്ട്. പക്ഷേ ഒരുകാര്യം, അറുകൊല ചെയ്ത് സമൂഹത്തെ ഭീതിയിൽ ആഴ്‌ത്തുന്ന തീവ്രവാദ സംഘടനെയേ ശിവൻകുട്ടി ആദ്യം തള്ളിപ്പറയണം.അല്ലെങ്കിൽ ജീവിച്ചിരിക്കുന്ന കാലത്തോളം ശിവൻകുട്ടിയുടെ കയ്യിൽ പുരണ്ട ചോര മായില്ല. സിപിഎ ലത്തീഫിന്റെ ചോരയുടെ നിഴലിന്റെ നിഴൽ പോലും സ്പർശിച്ചു കൂടാത്തതാണ് ശിവൻകുട്ടിയുടെ ഹസ്തങ്ങൾ’ ദേശാഭിമാനി മുൻ ഡെപ്യൂട്ടി എഡിറ്റർ പറയുന്നു.
മതഭ്രാന്തൻമാരുമായി കൂട്ട് ചേർന്നാൽ തുടർഭരണത്തിന് വഴിയൊരുങ്ങുമെന്നാകും ശിവൻകുട്ടിമാർ കണക്കുകൂട്ടുന്നത്. ജനങ്ങളെ വർഗീയമായി തമ്മിലടിപ്പിച്ചു നാടിന്റെ സൈ്വരം കെടുത്തുന്ന ശക്തികളെ തുടലൂരിവിട്ടാൽ കേരളത്തിൽ അരും കൊലകൾ ആവർത്തിച്ചു കൊണ്ടിരിക്കും. പാർട്ടികളെ സമ്മർദ്ദത്തിലാക്കി തീവ്രവാദികളുടെ ചൊൽപ്പടിക്ക് നിർത്തിയാൽ അവർ കേരളത്തിലും പച്ചപിടിക്കും. കയ്യിലിരിക്കുന്ന അധികാരം താൽക്കാലികമായി കൈവിട്ടു പോകാതിരിക്കുകയാണ് മുഖ്യമന്ത്രിയുടെ ദുഷ്ടലാക്ക്. എന്തിനാണ് ഈ ശാദ്വലഭൂമിയിൽ ചോരക്കളങ്ങൾ സൃഷ്ടിക്കുന്നത്?.
എസ് ഡി പി ഐ പ്രശ്‌നത്തിൽ കമ്മ്യൂണിസ്റ്റ്പാർട്ടികളിൽ ഉണ്ടാക്കിരിക്കുന്ന ആശയക്കുഴപ്പം ഈ പാർട്ടികളെയും കൊണ്ടേ പോകൂ എന്നാണ് തോന്നുന്നത്.
ഇന്ത്യൻ കമ്മ്യൂണിസം ചരിത്രത്തിന്റെ കണ്ണാടിയിൽ പ്രതിഫലിച്ചുകാണാൻ പിണറായി ആഗ്രഹിക്കുന്നില്ല.അതിനെ ഭയക്കുകയാണവർ.
ഈ വെല്ലുവിളി ഏറ്റെടുക്കാൻ അനന്തപുരിയിലെ മനുഷ്യസ്‌നേഹികൾ മുന്നോട്ട് വരണം. വർഗീയ ഭ്രാന്ത് ഇളക്കിവിടുന്ന ഒരു നീക്കത്തിനും ഒപ്പം നിന്നുകൂടാ. ശിവൻ കുട്ടിയെ എട്ടുനിലക്ക് പൊട്ടിക്കണം.
രാജ്യത്ത് കലാപത്തിന് വഴിമരുന്നിടുന്ന ശക്തികൾ ഈ അവസരം മുതലാക്കി കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിൽ നുഴഞ്ഞു കയറിക്കൊണ്ടിരിക്കുകയാണ്. അതാണ് ജി. സുധാകരൻ അമ്പലപ്പുഴയിൽ എസ് ഡി പി യെ സംബന്ധിച്ച് മുന്നറിയിപ്പ് നല്കിയിരുന്നത്. അവിടെ പ്രച്ഛന്ന വേഷത്തിൽ കടന്നുകൂടി ഒരു സീറ്റ് കൈക്കലാക്കിയപ്പോൾ ആ അർബുദം ആലപ്പുഴയാകേ പടർന്നു. ഇതിനെതിരെ അതിശക്തമായി പോരാടുകയാണ് വയോവൃദ്ധനായ ജി. സുധാകരൻ. അവർക്ക് എങ്ങനെയും സുധാകരനെ ഓടിക്കണം. അതുകൊണ്ടാണ് അദ്ദേഹത്തെ അധികാര മോഹി എന്ന് അധിക്ഷേപിക്കുന്നത്. അതിലാണ് മുഖ്യമന്ത്രിയുടെ കലിപ്പ്, ശക്തിധരൻ എഴുതുന്നു.
















