തിരുവനന്തപുരം: നേമത്ത് 2021 ൽ സിപിഎം സ്ഥാനാർത്ഥി വി. ശിവൻകുട്ടിക്ക് വോട്ടുചെയ്യാൻ കാരണം സിപിഎം വോട്ടുചോദിച്ചിട്ടാണെന്ന് എസ് ഡിപിഐ സംസ്ഥാന അദ്ധ്യക്ഷൻ സി.പി.എ. ലത്തീഫിന്റെ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്ന നുണ പരമ്പരകളിൽ ഒന്നുകൂടി തകർന്നു. ബിജെപിയെ തോൽപ്പിക്കാൻ എസ് ഡിപിഐ ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടുചെയ്തിട്ടുണ്ടാകാമെന്നായിരുന്നു പിണറായി വിജയൻ ഈ വിഷയത്തിൽ വിശദീകരിച്ചത്.
എന്നാൽ, നേമത്ത് എസ് ഡിപിഐക്ക് ശക്തിയുണ്ട്, അവിടെ 10,000 വോട്ടുകൾ എസ് ഡിപിഐ മാർക്‌സിസ്റ്റ് സ്ഥാനാർത്ഥി വി. ശിവൻകുട്ടിക്ക് കൊടുത്താണ് വിജയിപ്പിച്ചതെന്നാണ് ലത്തീഫിന്റെ വിശദീകരണം. ഈ തെരഞ്ഞെടുപ്പിലും അതുതന്നെയാണ് എസ് ഡിപിഐയുടെ നിലപാടെന്ന് ലത്തീഫ് ആവർത്തിച്ചു.
കഴിഞ്ഞ തവണ വി. ശിവൻകുട്ടി വിദ്യാഭ്യാസ വകുപ്പു മന്ത്രിയായിരിക്കെ സ്‌കൂൾ അവധി, ഹിജാബ് വിഷയം, പാഠപുസ്തകം, പരീക്ഷ, സ്‌കൂൾ സമയം തുടങ്ങി വിവിധ വിഷയങ്ങളിൽ മത മൗലികവാദികൾക്കും വർഗ്ഗീയ സംഘടനകൾക്കും അടിയറവ് പറഞ്ഞത് ഈ എസ് ഡിപിഐ ധാരണയുടെ ഭാഗമായും അത് തുടരുന്നതിനുമായിരുന്നുവെന്ന് വ്യക്മാക്കുകയാണ്. ഇനി സിപിഎം നയിക്കുന്ന എൽഡിഎഫ് അധികാരത്തിൽ വന്നാൽ മുമ്പത്തേക്കാൾ വർഗ്ഗീയ ശക്തികൾക്ക് അടിയറവു പറയുന്ന ഭരണമായിരിക്കുമെന്ന് ഉറപ്പിക്കുന്നതാണ് എസ് ഡിപിഐ നേതാവിന്റെ വെളിപ്പെടുത്തൽ.
എസ് ഡിപിഐയുടെ നേതാക്കൾ നയിച്ച പോപ്പുലർ ഫ്രണ്ടിനെ ഭീകര പ്രവർത്തനത്തിന്റെ പേരിൽ കേന്ദ്ര സർക്കാർ നിരോധിച്ചിട്ടും സംസ്ഥാനത്ത് ആ സംഘടനയുടെ നേതാക്കൾക്കെതിരേ നടപടിയെടുക്കാൻ പിണറായി വിജയൻ സർക്കാർ മടിച്ചത് അന്നത്തെ രാഷ്‌ട്രീയ രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണെന്നും വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ.
ഇനിയും എസ് ഡിപിഐയുടെ പിന്തുണയും വോട്ടും വേണ്ട എന്ന് പറയാൻ തയാറാകാത്ത പിണറായിയുടെ നിലപാടും തെരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലെത്തിയപ്പോൾ രാഷ്‌ട്രീയം പറയാതെ, പ്രചാരണ രംഗത്തുനിന്ന് വിട്ടുനിൽക്കുന്ന പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെയും നിലപാടിൽ പാർട്ടിക്കുള്ളിലും അനുഭാവികൾക്കും വൻ വിയോജിപ്പാണ്.
















