ഹരിപ്പാട് നിയമസഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതിക്ക് ലഭിക്കുന്ന ആവേശോജ്വല സ്വീകരണങ്ങള്‍ മണ്ഡലത്തിലെ രാഷ്‌ട്രീയക്കാറ്റ് മാറി വീശുന്നതിന്റെ സൂചന. കാല്‍ നൂറ്റാണ്ടായി ഹരിപ്പാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രമേശ് ചെന്നിത്തലയെ പരാജയപ്പെടുത്താന്‍ ഇക്കുറി ബിജെപി ഏറ്റവും കരുത്തനായ സ്ഥാനാര്‍ത്ഥിയെ ആണ് രംഗത്തിറക്കിയത്. ബിജെപി ആലപ്പുഴ തെക്ക് ജില്ലാ പ്രസിഡന്റായ സന്ദീപ് വാചസ്പതി മികച്ച വാഗ്മി, മാധ്യമപ്രവര്‍ത്തകന്‍, ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം ക്ഷണിതാവ് എന്ന നിലയില്‍ ജനങ്ങള്‍ക്ക് സുപരിചിതനാണ്. കേരളത്തിന്റെ മുന്‍ ആഭ്യന്തരമന്ത്രിയും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല അവഗണിച്ച അവികസിത ഹരിപ്പാടിനെ വികസിത മണ്ഡലമാക്കാന്‍ തനിക്കുള്ള പ്രവര്‍ത്തനപദ്ധതികള്‍ വിശദീകരിച്ച് ജനവിധി തേടുന്ന സന്ദീപ് വാചസ്പതിയുടെ വാക്കുകളിലൂടെ…
കാല്‍ നൂറ്റാണ്ടായി രമേശ് ചെന്നിത്തല ഹരിപ്പാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. എന്നാല്‍ അടിസ്ഥാന സൗകര്യ വികസനത്തിനോ മണ്ഡലത്തിലെ ജനകീയ പ്രശ്‌നങ്ങളില്‍ ശാശ്വത പരിഹാരം കാണാനോ അദ്ദേഹത്തിനായില്ല. ഈ യാഥാര്‍ത്ഥ്യം ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ മണ്ഡലത്തിലുടനീളം എനിക്ക് കിട്ടുന്ന ഉജ്ജ്വല സ്വീകാര്യത. പകരക്കാരനില്ലാത്ത അമരക്കാരനായി കാല്‍ നൂറ്റാണ്ടിലധികം ഹരിപ്പാടിനെ നയിച്ച രമേശ് ചെന്നിത്തലയോട് ജനങ്ങള്‍ക്കുള്ള എതിര്‍പ്പ് ഇത്തവണ എന്‍ഡിഎയ്‌ക്ക് അനുകൂലമാകും.
സ്മാര്‍ട്ട് ഹരിപ്പാടിനായി
അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുന്ന ഹരിപ്പാട് നിയമസഭാ മണ്ഡലത്തിന്റെ സമഗ്ര വികസനമാണ് എന്‍ഡിഎ ലക്ഷ്യമിടുന്നത്. അവികസിത ഹരിപ്പാടിനെ സ്മാര്‍ട്ട് ഹരിപ്പാട് ആക്കും. അതിനുള്ള പ്രവര്‍ത്തനപദ്ധതികള്‍ ആവിഷ്‌കരിച്ചാണ് എന്‍ഡിഎ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്നത്.
ഹരിപ്പാട്ട് എന്‍ഡിഎ ജയിച്ചാല്‍ കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതി അടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. ഹരിപ്പാടിനെ മനോഹര നഗരമാക്കി മാറ്റുകയാണ് ലക്ഷ്യം.
മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍
ഹരിപ്പാട്ടെ കുടിവെള്ള ക്ഷാമത്തിന് ഇന്നും ശാശ്വത പരിഹാരമായിട്ടില്ല. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് സ്വപ്‌നമായിത്തന്നെ അവശേഷിക്കുന്നു. കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്റെ ബാലാരിഷ്ടകള്‍ നീങ്ങിയിട്ടില്ല. കാര്‍ത്തികപ്പള്ളി തോട് മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്നു. ഹരിപ്പാട് നഗരത്തെപ്പറ്റി ചുറ്റിയുള്ള പിള്ളത്തോടിന്റെ സ്ഥിതി അതിലും ദയനീയം. നഗരത്തില്‍ സുസ്ഥിര ട്രാഫിക് സംവിധാനമില്ല. ഇങ്ങനെ എണ്ണിപ്പറയാന്‍ പരാധീനതകള്‍ ഏറെ. കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് പ്രാഥമിക സൗകര്യം നിറവേറ്റാന്‍ സൗകര്യമില്ല. അതുപോലും ചെയ്യാന്‍ കഴിയാത്ത എംഎല്‍എ എന്ത് വികസനമാണ് മണ്ഡലത്തിനായി ചെയ്തതെന്ന് വ്യക്തമാക്കണം.
തീരദേശത്തെ ദുരിതങ്ങള്‍
തീരദേശ മണ്ഡലമായ ഹരിപ്പാട്ടെ കടല്‍ക്ഷോഭ ദുരിതങ്ങള്‍ക്ക് അറുതിവരുത്താന്‍ മന്ത്രിയും പ്രതിപക്ഷനേതാവും ഒക്കെയായിരുന്ന രമേശ് ചെന്നിത്തലയ്‌ക്ക് ഇതേവരെ കഴിഞ്ഞിട്ടില്ല. അപ്രതീക്ഷിത ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ഓടിച്ചെല്ലുന്നതിലല്ല കാര്യം. ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങളെ സമീപിക്കണം. കടലിന്റെ മക്കള്‍ക്കായി സമഗ്രപദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കണം.
സ്വര്‍ണക്കൊള്ളയിലെ അന്താരാഷ്‌ട്ര ബന്ധം
ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്താരാഷ്‌ട്ര ഗുഢാലോചന ഉണ്ടെന്ന് ആദ്യം പറഞ്ഞത് രമേശ് ചെന്നിത്തലയാണ്. എന്നാല്‍ അദ്ദേഹം പിന്നീട് അത് വിഴുങ്ങി. സ്വര്‍ണക്കൊള്ള കേസില്‍ സോണിയ ഗാന്ധിയും പെടുമെന്ന് ബോധ്യമായതോടെയാണ് രമേശ് ചെന്നിത്തല സ്വന്തം ആരോപണത്തില്‍ നിന്ന് പിന്‍വാങ്ങിയത്.
അവഗണനയുടെ കണക്കുകള്‍
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഹരിപ്പാടിനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ എംഎല്‍എ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഹൈവേയില്‍ നിന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് എത്താന്‍ ദീര്‍ഘദൂരം സഞ്ചരിക്കേണ്ട ഗതികേടാണ് ഇപ്പോള്‍ ജനങ്ങള്‍ക്ക് ഉണ്ടായിരിക്കുന്നത്. ഇതിലൊന്നും എംഎല്‍എ എന്ന നിലയില്‍ ചെന്നിത്തല ദീര്‍ഘ വീക്ഷണത്തോടെയുള്ള ഒരു നിലപാടും സ്വീകരിച്ചിട്ടില്ല.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനും യൂഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി. വേണുഗോപാലുമായുള്ള വോട്ടു വ്യത്യാസം 1300 മാത്രമായിരുന്നു. ഇത് മറികടക്കാമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് സ്ഥാനാര്‍ത്ഥിയായ സന്ദീപ് വാചസ്പതിയും എന്‍ഡിഎ പ്രവര്‍ത്തകരും.
സന്ദീപ് വാചസ്പതി ജനഹൃദയം കീഴടക്കി മുന്നേറുമ്പോള്‍ കാല്‍നൂറ്റാണ്ടായി മണ്ഡലത്തെ അവഗണിച്ച രമേശ് ചെന്നിത്തലയുടെ വാട്ടര്‍ലൂ ആകും ഇത്തവണത്തെ മത്സരമെന്നത് ഉറപ്പ്.
















