തിരുവനന്തപുരം:സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാട് മാറ്റി സിപിഐ നേതൃത്വവും.മതതീവ്രവാദികളുടെ പിന്തുണ വേണ്ടെന്ന് നേരത്തേ പറഞ്ഞ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇപ്പോള്‍ ബിജെപിക്കെതിരെ വോട്ട് ചെയ്യുന്നത് സ്വാഗതം ചെയ്യുകയാണ്.
നേമത്തടക്കം ഇടത് സ്ഥാനാര്‍ഥികള്‍ പിന്തുണയാവശ്യപ്പെട്ടെന്ന് എസ്ഡിപിഐ നേതൃത്വം പരസ്യമായി പറയുമ്പോഴും അവരെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രിക്കടക്കം എല്‍ഡിഎഫ് നേതാക്കള്‍ക്കാകുന്നില്ല.
ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും അപകടമാണ്. രണ്ടിനെയും ഒരുപോലെ എതിര്‍ക്കണം.സിപിഎമ്മും സിപിഐയും ഈ നിലപാട് ആണ് സ്വീകരിച്ചിരുന്നത്.മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാക്കാലത്തും വര്‍ഗീയ ശക്തികള്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കണമെന്ന നിലപാടിനൊപ്പമായിരുന്നു.
എന്നാല്‍ ബിജെപി ഡീലെന്ന ആരോപണത്തിന് പിന്നാലെ എസ്ഡിപിഐ എല്‍ഡിഎഫിന് പിന്തുണ നല്‍കുന്ന വിഷയം ഉയര്‍ന്നപ്പോള്‍ മുന്‍നിലപാടില്‍ ഉറച്ച് നിന്ന് അവരുടെ പിന്തുണ വേണ്ടെന്ന് ആദ്യം പറയേണ്ടയാള്‍ പിണറായി വിജയനായിരുന്നു.എങ്കിലും മൂന്ന് ദിവസമായി എസ്ഡിപിഐ ചോദ്യങ്ങളോട് മുഖംതിരിക്കുകയാണ് പിണറായി.
കഴിഞ്ഞ ശനിയാഴ്ച ബിനോയ് വിശ്വം മതതീവ്രവാദികളുടെ പിന്തുണ വേണ്ടെന്ന് പറഞ്ഞപ്പോള്‍ ആ വാക്കുകള്‍ക്ക് കമ്മ്യൂണിസ്റ്റ് നേതാവിന്റെ ആര്‍ജവമുണ്ടായിരുന്നു.എന്നാല്‍ നിലവിലെ സാഹചര്യം ഇടതുമുന്നണിക്ക് പന്തിയല്ലെന്ന് കണ്ട് സിപിഐ നിലപാടില്‍ പിണറായി വിജയന്‍ അതൃപ്തി പ്രകടിപ്പിച്ചതോടെ ബിനോയ് വിശ്വം ചുവട്മാറ്റി. ചിഹ്നത്തിന് നേരെ പതിയുന്ന വോട്ടിന് വിജയം എന്ന ഒറ്റ ആശയമേയുള്ളു. ആദര്‍ശമൊന്നും തെരഞ്ഞെടുപ്പ് കാലത്ത് ചെലവാകില്ലെന്നും സിപിഐക്ക് മനസിലായി.
കഴിഞ്ഞ തവണ എല്‍ഡിഎഫിനെ പിന്തുണച്ച മുസ്ലീം വിഭാഗം കൈവിട്ടതും ജമാഅത്തെ ഇസ്ലാമി യുഡിഎഫിനൊപ്പമായതും മറികടക്കാനാണ് സിപിഎം എസ്ഡിപിഐ വോട്ട് തേടുന്നത്.എസ്ഡിപിഐ പിന്തുണയെ കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുമ്പോള്‍ ക്ഷുഭിതനായി പ്രതികരിച്ച മുഖ്യമന്ത്രി ഇന്ന് ബി ജെ പിക്കെതിരെ ആര് വോട്ട് നല്‍കിയാലും സ്വീകരിക്കും എന്ന തന്ത്രപരമായ നിലപാടിലേക്ക് മാറിയിട്ടുണ്ട്.
















