കോട്ടയം:വിദേശ സംഭാവനയുമായി ബന്ധപ്പെട്ട എഫ്‌സിആര്‍എ നിയമ ഭേദഗതിയിലുളളത് ഗുണപരമായ നിര്‍ദേശങ്ങളാണെന്നും കോടതിയില്‍ ചോദ്യം ചെയ്യാനുള്ള അവസരം ഉണ്ടാകുമെന്നും കേന്ദ്ര സഹ മന്ത്രി ജോര്‍ജ് കുര്യന്‍.
അപ്പീലിന് പോകാനുളള അവസരം ഉണ്ട്. ഇതിലൂടെ എഫ്‌സിആര്‍എ അവകാശമായി മാറുകയാണ്. എതിര്‍ക്കുന്നവര്‍ അക്കാര്യം ആലോചിക്കണം. ഇനി ഇങ്ങനെയൊരു അവസരം കിട്ടില്ലെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.പ്രവര്‍ത്തനം ഇല്ലെങ്കില്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് നിലവിലെ നിയമത്തില്‍ തന്നെയുണ്ട്.ആരാധനാലയങ്ങള്‍ ഏറ്റെടുക്കുമെന്നത് തെറ്റിദ്ധാരണയാണ്.ഇതൊരു നയം മാറ്റമാണ്. അത് പോസിറ്റീവ് സമീപനമാണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
നിലവില്‍ എഫ്‌സിആര്‍എ തടയപ്പെട്ടവര്‍ക്ക് കോടതിയില്‍ പോകാനാകും. മെത്രാന്‍മാര്‍ക്കെതിരെ കേരളത്തില്‍ കേസുണ്ടെങ്കില്‍ എഫ്‌സിആര്‍എ തടയപ്പെടും.ശബരിമല കേസില്‍ ആര്‍എസ്എസ് സംഘചാലക് പെട്ടപ്പോള്‍ അവരുടെ ഫണ്ടും തടഞ്ഞിരുന്നുവെന്ന് ജോര്‍ജ് കുര്യന്‍ പറഞ്ഞു.
കേരളത്തില്‍ ഉയര്‍ന്ന് വന്നിട്ടുളള ആശങ്ക ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.പാര്‍ലമെന്റില്‍ ചര്‍ച്ചയും വരും.ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെങ്കില്‍ ഇപ്പോള്‍ നിയമഭേദഗതി കൊണ്ടുവരുമോയെന്നും ജോര്‍ജ് കുര്യന്‍ ചോദിച്ചു.
















