ന്യൂഡൽഹി: മുൻ ടെന്നീസ് താരം ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, സുകാന്ത മജുംദാർ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്.പശ്ചിമ ബംഗാൾ സന്ദർശന വേളയിൽ ലിയാൻഡർ ബിജെപി പ്രസിഡന്റ് നിതിൻ നവീനെ സന്ദർശിച്ചിരുന്നു .
കൊൽക്കത്തയുമായി ബന്ധമുള്ളതും അവിടെ ശക്തമായ ആരാധകവൃന്ദമുള്ള ലിയാൻഡർ പേസ് ബിജെപിയിൽ ചേരുന്നത് പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഗുണം ചെയ്യും.വരാനിരിക്കുന്ന പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഈ നീക്കം.
“ഇന്ത്യയുടെ പേര് മെഡൽ പട്ടികയിൽ വളരെ അപൂർവമായി മാത്രമേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. ഒളിമ്പിക് ഭൂപടത്തിൽ ആദ്യമായി ഇന്ത്യയെ ഉൾപ്പെടുത്തിയത് ലിയാൻഡർ പേസാണ് . ഇനി, ബിജെപിയുടെ വേദിയിലൂടെ അദ്ദേഹം രാജ്യത്തെ സേവിക്കും,” റിജിജു പറഞ്ഞു.
“എന്റെ ജീവിതത്തിലെ 40 വർഷക്കാലം, ഞാൻ രാജ്യത്തിനുവേണ്ടി കളിച്ചിട്ടുണ്ട്, ഡേവിസ് കപ്പ്, ഒളിമ്പിക്സ് പോലുള്ള ടൂർണമെന്റുകളിൽ രാജ്യത്തെ പ്രതിനിധീകരിച്ച് എന്നോടും കുടുംബാംഗങ്ങളോടും രാജ്യത്തോടും ബഹുമാനം നേടിയിട്ടുണ്ട്. ഇപ്പോൾ, ഇതൊരു പുതിയ മേഖലയാണ്. എന്റെ സഹോദരന്മാർ ഒരു ഉത്തരവാദിത്തം ഏൽപ്പിച്ചിരിക്കുന്നു, ഞാൻ രാഷ്‌ട്രത്തെയും യുവാക്കളെയും സേവിക്കാൻ ആഗ്രഹിക്കുന്നു.“ – ലിയാൻഡർ പേസ് പറഞ്ഞു.
ജനങ്ങളെ സേവിക്കാനുള്ള ഉത്തരവാദിത്തം തനിക്ക് നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, നിതിൻ നബിൻ എന്നിവരോടും അദ്ദേഹം നന്ദി പറഞ്ഞു.
















