തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ ഇന്ന് കേരളത്തില്‍. തിരുവനന്തപുരത്ത് ഇന്ന് ഉച്ചയ്‌ക്ക് രണ്ടിന് ഇടപ്പഴഞ്ഞി ആര്‍ഡിആര്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ എന്‍ഡിഎ മാര്‍ഗരേഖ ദേശീയ അധ്യക്ഷന്‍ പ്രകാശനം ചെയ്യും.
വികസിത കേരളം മാര്‍ഗരേഖ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അവതരിപ്പിക്കും. ‘ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം’ എന്ന തലവാചകത്തോടെയാണ് ഭാവികേരള വികസനത്തിനുള്ള മാര്‍ഗരേഖ എന്‍ഡിഎ പുറത്തിറക്കുന്നത്. കേരള വികസനത്തിന് കുതിപ്പേകുന്ന പ്രഖ്യാപനങ്ങളും മാര്‍ഗരേഖയിലുണ്ട്. എന്‍ഡിഎ നേതാക്കളായ തുഷാര്‍ വെള്ളാപ്പള്ളി, സാബു എം. ജേക്കബ്, പ്രകാശ് ജാവദേക്കര്‍, വിനോദ് താവ്‌ഡെ, ശോഭ കരന്തലജെ എന്നിവര്‍ സംസാരിക്കും.
ഇന്ന് 12ന് ആറ്റിങ്ങലില്‍ ദേശീയ അധ്യക്ഷന്‍ റോഡ് ഷോ നടത്തും. വൈകിട്ട് മൂന്നിനു ഹെലികോപ്ടറില്‍ മലപ്പുറം താനൂരിലേക്ക് തിരിക്കും. താനൂര്‍ പുത്തന്‍ തെരുവിലെ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും. ബുധനാഴ്ച രാവിലെ 12നു മട്ടന്നൂരിലും നാലിന് കൂത്തുപറമ്പിലെ റോഡ്‌ഷോയിലും നിതിന്‍ നബിന്‍ പങ്കെടുക്കും.
















