ന്യൂദല്‍ഹി:2027 സെന്‍സസ് രണ്ട് ഘട്ടമായി നടത്തുമെന്ന് സെന്‍സസ് കമ്മീഷണര്‍ മൃത്യുഞ്ജയ് കുമാര്‍ നാരായണ്‍. രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സെന്‍സസ് ആയിരിക്കും ഇത്തവണത്തേത്. സെന്‍സസ് കമ്മീഷണര്‍ മൃത്യുഞ്ജയ് കുമാര്‍ നാരായണ്‍ വാര്‍ത്താസമ്മേളനത്തില്‍ ആണ് ഇക്കാര്യം അറിയിച്ചത്.
കേരളത്തില്‍ ആദ്യഘട്ട സെന്‍സസ് ജൂണില്‍ തുടങ്ങും. സെല്‍ഫ് എന്യൂമേറേഷന് ജൂണ്‍ 16 മുതല്‍ ജൂണ്‍ 30വരെ സമയമുണ്ടാകും. ജൂലായ് ഒന്ന് മുതല്‍ ജൂലായ് 30വരെ സെന്‍സസ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി വിവര ശേഖരണം നടത്തും.ആദ്യ ഘട്ടത്തില്‍ ഭവന സെന്‍സസാണ്.ഇതില്‍ താമസസൗകര്യങ്ങള്‍, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, വീടുകളിലെ ആസ്തികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കും.
രണ്ടാം ഘട്ടത്തിലാണ് ജനസംഖ്യ കണക്കെടുപ്പ് .ഓരോ കുടുംബത്തിലെയും വ്യക്തികളുടെ ജനസംഖ്യാപരമായ വിവരങ്ങള്‍, സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലം,സാമ്പത്തിക നിലവാരം, കുടിയേറ്റം, പ്രത്യുല്‍പ്പാദന നിരക്ക് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കും.
രണ്ടാം ഘട്ടത്തിലായിരിക്കും ജാതി സെന്‍സസ് നടപ്പിലാക്കുക. സെന്‍സസ് നടപടികളുടെ ആകെ ചിലവിനായി 11,718.24 കോടി രൂപയാണ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്.ഒന്നാം ഘട്ടത്തിനായുള്ള പ്രാഥമിക പരിശോധന 2025 നവംബറില്‍ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടത്തി. ഒന്നാം ഘട്ടത്തിനായുള്ള മാര്‍ഗനിര്‍ദേശം 19 ഭാഷകളില്‍ തയാറാക്കിയിട്ടുണ്ട്. സെന്‍സസ് പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലാണ്. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സെന്‍സസാണിത്. വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേക മൊബൈല്‍ ആപ്പും സെല്‍ഫ് ഇന്യൂമറേഷന്‍ പോര്‍ട്ടലും ഉണ്ടാകും.ആദ്യ ഘട്ടം ഏപ്രില്‍ ഒന്നിന് ആരംഭിച്ച് സെപ്തംബര്‍ 30ഓടെ പൂര്‍ത്തിയാക്കും. ആദ്യ ഘട്ടത്തില്‍ ഓരോ കുടുംബത്തോടും 33 ചോദ്യങ്ങള്‍ ചോദിക്കും. വീടിന്റെ നിര്‍മ്മാണ രീതി, ശുദ്ധജലം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍, വീട്ടിലുള്ള വാഹനങ്ങള്‍, ഇന്റര്‍നെറ്റ് ലഭ്യത എന്നിവ ഇതില്‍ ഉള്‍പ്പെടും.
സെന്‍സസ് സമയത്ത് ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങള്‍ രഹസ്യമായിരിക്കും. വിവരാവകാശ നിയമപ്രകാരം ഈ വിവരങ്ങള്‍ ലഭിക്കില്ല. കോടതികള്‍ക്ക് മുമ്പാകെ തെളിവായി ഹാജരാക്കാനും സാധിക്കില്ല. സെന്‍സസ് സമയത്ത് ഒരു രേഖയും നല്‍കേണ്ടതില്ല. സെന്‍സസിനായിയുള്ള മൊബൈല്‍ ആപ്പ് 16 ഭാഷകളില്‍ ലഭ്യമാകും. സെന്‍സസില്‍ പങ്കെടുക്കാനും കൃത്യമായ വിവരങ്ങള്‍ നല്‍കാനും എല്ലാ പൗരന്മാരോടും അഭ്യര്‍ത്ഥിക്കുകയാണെന്നും സെന്‍സസ് കമ്മീഷണര്‍ പറഞ്ഞു. സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണത്തിന് പ്രത്യേക വെബ് പോര്‍ട്ടല്‍ സജ്ജീകരിക്കും.അത്യാധുനിക വെബ് മാപ്പിംഗ് ആപ്ലിക്കേഷന്‍ ഉപയോഗിക്കും.31 ലക്ഷം എന്യൂമറേറ്റര്‍മാരെയാണ് 2027ലെ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കുന്നത്.
സെന്‍സസും എസ്‌ഐആറും തമ്മില്‍ ബന്ധമില്ല. ലിവിംഗ് ടുഗദര്‍ ദമ്പതികളെയും സെന്‍സസില്‍ വിവാഹിതരായി പരിഗണിക്കും.
















