മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കാത്തിടത്ത് ഏതെങ്കിലും മുന്നണിക്കാകും പിന്തുണയെന്ന് എസ് ഡി പി ഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. ബി ജെ പി വിജയ സാധ്യത ഉള്ള മണ്ഡലമായത് കൊണ്ടാണ് നേമത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്ക് പരസ്യ പിന്തുണ നല്‍കിയത്. ബി ജെ പിക്ക് വിജയ സാധ്യതയുള്ള ഉള്ള മഞ്ചേശ്വരത്ത് യു ഡി എഫിന് പിന്തുണ കൊടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. യു ഡി എഫിനും ബി ജെ പിക്കും ഒരുപോലെ സാധ്യത ഉള്ള മണ്ഡലങ്ങളിലെ എസ് ഡി പി ഐ പിന്തുണയുടെ കാര്യത്തില്‍ പഠിച്ച ശേഷം നിലപാട് സ്വീകരിക്കുമെന്നും എം കെ ഫൈസി വ്യക്തമാക്കി.
ഏത് മുന്നണിയെ പിന്തുണയ്‌ക്കും എന്നതില്‍ പ്രഖ്യാപനം ഉണ്ടാകണമെന്നില്ല.പ്രവര്‍ത്തകരെ മാത്രം അക്കാര്യം അറിയിച്ചു മുന്നോട്ട് പോകുന്ന നിലപാടും എസ് ഡി പി ഐ കൈക്കൊള്ളും. ഈ കാര്യങ്ങളെല്ലാം പാര്‍ട്ടി ചര്‍ച്ച ചെയ്യുന്നുണ്ട്. പരസ്യമായി പിന്തുണ പറയേണ്ട സാഹചര്യം ആണെങ്കില്‍ അത് പറയും.പ്രഖ്യാപനം നടത്തണമെങ്കില്‍ ഒരുപാട് ചര്‍ച്ച നടത്തി നിലപാടില്‍ എത്തണമെന്നും എം കെ ഫൈസി വ്യക്തമാക്കി.
എല്‍ ഡി എഫ് സര്‍ക്കാര്‍ നൂറ് ശതമാനം പാളിച്ച ആണെന്ന അഭിപ്രായം എസ് ഡി പി ഐക്കില്ല. പരാതി ഉള്ള വിഷയങ്ങളില്‍ സമരം നടത്തിയിട്ടുണ്ട്. കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ എസ് ഡി പി ഐയെ എതിര്‍ക്കുന്നത് ആരെ പ്രീതി പെടുത്താന്‍ ആണ് എന്നത് അറിയില്ലെന്നും ഫൈസി പറഞ്ഞു. തമിഴ്‌നാട്ടില്‍ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഉള്ള മുന്നണിയില്‍ കോണ്‍ഗ്രസും എസ് ഡി പി ഐയും ഉണ്ട്.
പ്രതിപക്ഷ നേതാവുള്‍പ്പെടെ ഞങ്ങളെ എതിര്‍ക്കുന്നവരെ പിന്തുണക്കേണ്ട ആവശ്യം ഞങ്ങള്‍ക്കും ഇല്ല. കോണ്‍ഗ്രസിലെ മറ്റു നേതാക്കള്‍ എസ് ഡി പി ഐയുടെ കാര്യത്തില്‍ ഈ വാശി കാട്ടുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എസ് എഫ് ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയതില്‍ എസ് ഡി പി ഐക്ക് ബന്ധം ഇല്ലെന്നും ഫൈസി അവകാശപ്പെട്ടു. ആ സമയത്ത് സി പി എം പറഞ്ഞതിനെ ഇപ്പോള്‍ കൂട്ടി ചേര്‍ക്കണ്ട കാര്യമില്ല. തലശ്ശേരിയില്‍ ഫസല്‍ കൊലക്കേസ് പ്രതിയായിരുന്ന കാരായി രാജനെ തോല്‍പ്പിക്കും. ശക്തനായ സ്ഥാനാര്‍ത്ഥിയെ അവിടെ മത്സരിപ്പിക്കുന്നുണ്ട്. ആ ഒരു സംഭവം മാത്രം വെച്ചല്ല രാഷ്‌ട്രീയ തീരുമാനം എടുക്കുന്നതെന്നും ഫൈസി പറഞ്ഞു.
















