കോട്ടയം: കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം വിതറി കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം കേട്ടോ? യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ റബ്ബറിന് 250 രൂപ താങ്ങുവില പ്രഖ്യാപിക്കും എന്നാണ്. മാത്രമല്ല, ഈ താങ്ങുവിലയെ പടിപടിയായി 3000 രൂപയാക്കി ഉയര്‍ത്തുമെന്നും രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തു.
ഇതിന് മുന്‍പ് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ സ്ത്രീകള്‍ക്ക് കെഎസ് ആര്‍ടിസിയില്‍ സൗജന്യയാത്രയാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. ഇത് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ കെഎസ് ആര്‍ടിസി പത്ത് താഴിട്ട് പൂട്ടേണ്ടി വരുമെന്നാണ് ഗതാഗതമന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞത്. പലപ്പോഴും എന്തൊരു നടക്കാത്ത സ്വപ്നം എന്ന നിലയിലാണ് രാഹുല്‍ ഗാന്ധിയുടെ ഇത്തരം പ്രഖ്യാപനങ്ങളെ സാധാരണക്കാര്‍ കാണുന്നത്. അധികാരത്തില്‍ വന്നെങ്കിലല്ലേ നടപ്പാക്കേണ്ടതുള്ളൂ എന്നതിനാല്‍ രാഹുല്‍ ഭരണം കിട്ടാന്‍ വായില്‍ വരുന്നത് എന്തും പ്രഖ്യാപിക്കുകയാണ്. കടത്തില്‍ മുങ്ങിയ ഖജനാവുള്ള കേരളത്തിലെ സര്‍ക്കാരിന് എവിടെ നിന്നെടുത്താണ് ഇതെല്ലാം നടപ്പാക്കാന്‍ കഴിയുന്നത്?
ഇക്കഴിഞ്ഞ മാസങ്ങളില്‍ നടന്ന ബീഹാര്‍, മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പുകളില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രഖ്യാപനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ തമാശയായിരുന്നു. രാഹുല്‍ ഗാന്ധി മഹാരാഷ്‌ട്രയില്‍ പ്രഖ്യാപിച്ചത് സ്ത്രീകള്‍ക്ക് മാസം തോറും 3000 രൂപ പെന്‍ഷനും തൊഴിലില്ലാത്ത യുവാക്കള്‍ക്ക് മാസം 4000 രൂപ പെന്‍ഷനും ആയിരുന്നു. എന്തൊരു നടക്കാത്ത സ്വപ്നം എന്ന് തന്നെയാണ് അന്നും സമൂഹമാധ്യമങ്ങളില്‍ ഈ പ്രഖ്യാപനത്തെക്കുറിച്ച് പ്രതികരണം വന്നത്.
2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ പ്രഖ്യാപിച്ചത് സ്ത്രീകള്‍ക്ക് മാസം 8500 രൂപ വീതം ബാങ്ക് അക്കൗണ്ടില്‍ ഇട്ടുകൊടുക്കുമെന്നാണ്. ഇതെല്ലാം നടപ്പാകുന്ന കാര്യമല്ലെന്ന് ജനങ്ങള്‍ക്കറിയാം. അതിനാല്‍ ജനം ഇടത് ചെവിട്ടിലൂടെ കേട്ട് വലത് ചെവിട്ടിലൂടെ വിടുന്നു.
2025ലെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഒരിയ്‌ക്കലും നടക്കാത്ത വോട്ട് ചോരി ആരോപണം ഉയര്‍ത്തിയതിനെ അവിടുത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞു. രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി യാത്രവരെ വെള്ളത്തില്‍ വരച്ച വരയായി. ബീഹാറില്‍ പ്രിയദര്‍ശിനി ഉഡാന്‍ യോജന എന്ന പദ്ധതിയുടെ പേരില്‍ സ്ത്രീകള്‍ക്ക് മാസം 2500 രൂപയാണ് വാഗ്ദാനം ചെയ്തത്. ഇതൊന്നും നടക്കാന്‍ പോകുന്നതല്ലെന്ന് മനസ്സിലാക്കിയ ജനം രാഹുല്‍ ഗാന്ധിയെയും അദ്ദേഹം ഉള്‍പ്പെട്ട മഹാഘട്ബന്ധനെയും തള്ളിക്കളയുകയായിരുന്നു.
കഴിഞ്ഞ 54 വര്‍ഷത്തോളം ഇന്ത്യ ഭരിച്ച രാഹുല്‍ഗാന്ധിയുടെ പുര്‍വ്വസൂരികള്‍ ഗരീബി ഹഠാവോ മുതല്‍ എത്രയോ വാഗ്ദാനങ്ങള്‍ ഉയര്‍ത്തി. അതെല്ലാം ജനങ്ങളെ മോഹിപ്പിച്ചതല്ലാതെ ഇന്ത്യ എന്നും ഇരുട്ടില്‍ തപ്പി നടക്കുകയായിരുന്നു.
















